കോഴിക്കോട്ട് വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 45 പവന്‍ സ്വര്‍ണം പോയി

കോഴിക്കോട്: അടച്ചിട്ട വീട് കുത്തിത്തുറന്ന് 45 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയുമാണ് കവര്‍ന്നത്. വേങ്ങേരി മരക്കാട്ട്പറമ്പത്ത് ശശിധരന്റെ വീട്ടിലാണ് കവര്‍ച്ച. കഴിഞ്ഞ രാത്രി 11 ഓടെയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇതോടെ ചേവായൂര്‍ പോലീസില്‍ വിവരമറിയിക്കുകയാരുന്നു.ബുധനാഴ്ച ഉച്ചയോടെയാണ് ശശിധരനും കുടുംബവും എറണാകുളത്തേക്ക് പോയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകിലെ വാതിലിന്റെ പൂട്ട് പാരകൊണ്ട് അടര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ മോഷ്ടാവിന് എളുപ്പത്തില്‍ വീട്ടില്‍ കയറാനായി.സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി വീടിന്റെ പിറകില്‍ ഉപേക്ഷിച്ചിട്ടുണ്ട്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിയുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്ത് നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.പകല്‍ സമയത്തായിരിക്കാം മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്. വീടിന്റെ പിറകിലെ വാതിലിന് സമീപം കുത്തിയിരുന്നാല്‍ പുറത്തു നിന്നും ആര്‍ക്കും കാണാന്‍ സാധിക്കില്ല. ഇത്തരത്തില്‍ പാരകൊണ്ട് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അകത്തുകയറിയാലും പുറമെ നിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. സമീപത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിട്ടോ അല്ലെങ്കില്‍ അവര്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ മറ്റേതെങ്കിലും സംഘത്തിന് കൈമാറുകയോ ചെയ്തിട്ടുണ്ടോയെന്നാണ് ആദ്യം പരിശോധിക്കുന്നത്. രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞ ദിവസമാണ് കിടപ്പുമുറിയിലെ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന ഒരു വയസുകാരന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവമുണ്ടായത്. സ്വര്‍ണാഭരണം എടുത്ത ശേഷം മോഷ്ടാവ് കുട്ടിയെ വീടിന്റെ ടെറസില്‍ ഉപേക്ഷിക്കുയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍