പച്ചക്കറി വികസന പദ്ധതി: കോഴിക്കോട് ജില്ലയ്ക്ക് 3.11 കോടി അനുവദിച്ചു

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ കോഴിക്കോട് ജില്ലയ്ക്ക് 3.11 കോടി രൂപ അനുവദിച്ചു. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് 10 രൂപ വിലയുള്ള 2,70,000 പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. കൃഷി വകുപ്പിന്റെ ഫാമുകള്‍, വിഎഫ്പിസികെ എന്നിവ വഴിയാണ് ഇവ തയ്യാറാക്കിയത്. കൂടാതെ കൃഷിഭവനുകള്‍ മുഖേന മൂന്ന് ലക്ഷത്തി മുപ്പത്തിനായിരം പച്ചക്കറി വിത്തു പായ്ക്കറ്റുകളും സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെട്ട നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച നാല് ലക്ഷം പച്ചക്കറി തൈകള്‍ കൃഷിഭവന്‍ മുഖേന സൗജന്യമായി വിതരണം ചെയ്യും. കൂടാതെ എന്‍ജിഒകള്‍, സ്ത്രീ സംഘങ്ങള്‍ എന്നിവര്‍ക്കായി 30650 പച്ചക്കറി വിത്തു പായ്ക്കറ്റുകളും ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 10 സെന്റോ അതിലധികമോ സ്ഥലത്ത് പച്ചക്കറികൃഷി ചെയ്യുന്ന സ്‌കൂളുകള്‍ക്ക് വിത്ത്, വളം എന്നിവ വാങ്ങാനും കൃഷിചെയ്യാനും 5000 രൂപ ധനസഹായം നല്‍കും. ജില്ലയില്‍ 200 സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കാനാണ് ഫണ്ട് അനുവദിച്ചത്. സ്ഥാപനങ്ങള്‍ക്കായി പ്രോജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറികൃഷി ചെയ്യാനും ധനസഹായം നല്‍കും. അഞ്ച് ഹെക്ടറോ അതിലധികമോ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന സംഘങ്ങള്‍ക്ക് ക്ലസ്റ്ററിന് ( അഞ്ച് ഹെക്ടറിന്) 75000 രൂപ സബ്‌സിഡി നല്‍കും. ജില്ലയില്‍ 75 ക്ലസ്റ്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ക്ലസ്റ്ററിലെ കര്‍ഷര്‍ക്ക് ജലസേചനത്തിനു പമ്പ്‌സെറ്റുകള്‍ വാങ്ങാന്‍ ഒന്നിന് പരമാവധി 10000 രൂപ ധനസഹായം നല്‍കും. തരിശ് നിലങ്ങളില്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹെക്ടറിന് 30,000 രൂപ സബ്‌സിഡി നല്‍കും. ഈ സാമ്പത്തിക വര്‍ഷം ആകെ 70 ഹെക്ടറിലാണ് കൃഷി ലക്ഷ്യമിടുന്നത്. കൂടാതെ പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കാന്‍ നഴ്‌സറികള്‍ക്കും മഴമറകള്‍, ഊര്‍ജരഹിത ശീതീകരണ യൂണിറ്റുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂണിറ്റുകള്‍, ഫാമിലി ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാനും കോഴിക്കോട് ജില്ലയ്ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പിലാക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍