പാകിസ്ഥാന് ഇരുട്ടടി: ഇസ്രയേലില്‍ നിന്നും 300 കോടിയുടെ 'ബലാകോട്ട് ബോംബു'കള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യ ഇസ്രയേലുമായി കരാറൊപ്പിട്ടു. 300 കോടി ചെലവിട്ട് 100 ബോംബുകളാണ് വാങ്ങുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലി പ്രതിരോധ നിര്‍മാതാക്കളായ റാഫേല്‍ അഡ്‌വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ആണ് ഈ ബോംബുകള്‍ നിര്‍മിക്കുന്നത്.മല്യയ്ക്കും മോദിക്കുമൊപ്പം വിജയ് കലന്ത്രിയും : 3,334 കോടിയുടെ ബാധ്യത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ പ്രതിരോധ കരാറാണ് ഇത്. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ആയുധങ്ങളുടെ ഗണത്തില്‍ പെടുത്തി ഈ വര്‍ഷം അവസാനത്തോടെ തന്നെ ബോംബുകള്‍ രാജ്യത്തെത്തിക്കും. ശത്രുവിന്റെ ബങ്കറുകളും കെട്ടിടങ്ങളും മുഴുവനായി തകര്‍ക്കാന്‍ കഴിയുന്നവയാണ് പുതിയ സ്‌പൈസ് 2000 ബോംബുകള്‍. 60 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ ഇവയ്ക്ക് കഴിയും. അടിയന്തര ആവശ്യങ്ങള്‍ക്കായി 300 കോടി രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാന്‍ സേനകള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് ബോംബുകള്‍ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങള്‍ വിശദീകരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരി 14ന് കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ പാക് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ നാല്‍പതോളം സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പകരമായി ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് 2000 ബോംബുകളാണ് ഈ ആക്രമണത്തില്‍ ഉപയോഗിച്ചത്. ഇതിന് പിന്നാലെ സ്‌പൈസ് 2000ന് ബലാക്കോട്ട് ബോംബ് എന്ന അപരനാമവും ലഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍