ട്രംപിന് മോദിയുടെ ചുട്ടമറുപടി, അമേരിക്കയുടെ 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ചുമത്തും

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ 29 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങുകയാണ് ഇന്ത്യ. ബദാം, വാള്‍നട്ട്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യയുടെ സ്റ്റീല്‍,അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി കൂട്ടിയിരുന്നു. ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദ രാജ്യ പദവിയും എടുത്ത് കളഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ നീക്കം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തിയിരുന്നു. ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് പത്ത് ശതമാനവുമാണ് അധിക നികുതി ചുമത്തിയത്. 16746.84 കോടി രൂപയുടെ അധിക കയറ്റുമതിച്ചെലവ് ഇതുമൂലം ഇന്ത്യക്കുണ്ടായി. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം തന്നെ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ധനമന്ത്രാലയം ഉടന്‍ ഇറക്കും. തീരുമാനം നടപ്പിലാക്കിയാല്‍ 1513.84 കോടിരൂപയുടെ അധിക നികുതി ഇന്ത്യക്ക് ലഭിക്കും. സ്റ്റീല്‍ അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ നല്‍കിയ പരാതി ലോക വ്യാപാര സംഘടനയുടെ പരിഗണനയിലുണ്ട്. അമേരിക്കന്‍ പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകള്‍ മൂലം കോടിക്കണക്കിന് ഡോളറുകളാണ് അമേരിക്കക്ക് നഷ്ടമാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. അനേകം രാജ്യങ്ങള്‍ ഇങ്ങനെ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു.അതേസമയം, തന്റെ ഭരണത്തിന്‍ കീഴിലുള്ള രാജ്യത്തെ ഇനിയുമേറെ കാലം വിഡ്ഢികളാക്കാന്‍ താനനുവദിക്കില്ലെന്നും ചില രാജ്യങ്ങള്‍ അവര്‍ക്ക് കൊള്ളയടിക്കാനുള്ള ബാങ്കായാണ് അമേരിക്കയെ കാണുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വിദേശമാദ്ധ്യമവുമായുളള അഭിമുഖത്തിലാണ് ട്രംപ് തുറന്നടിച്ചത്. പിന്നീട് തന്റെ ഒരു നല്ല സുഹൃത്ത് നരേന്ദ്രമോദി എന്ന് അഭിസംബോധന ചെയ്താണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്.യു.എസ് ഇന്ത്യയിലേക്കയക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ക്ക് നൂറ് ശതമാനം തീരുവ, ഇന്ത്യ തിരിച്ചയക്കുന്നവയ്ക്ക് തീരുവയില്ല. ഞാന്‍ മോദിയെ വിളിച്ചു, ഇത് സാധ്യമല്ലെന്ന് പറഞ്ഞു. അങ്ങനെ ആ ഒറ്റക്കോളില്‍ മോദി കുറച്ചത് 50 ശതമാനമാണ്. തീരുവയില്ലായ്മയും 50 ശതമാനവും സമാനമല്ലാത്തതിനാല്‍ അതും സ്വീകാര്യമല്ലെന്ന് പറഞ്ഞു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ഇന്ത്യയു.എസ് നികുതിചര്‍ച്ചകളെക്കുറിച്ച് ട്രംപ് പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍