മോസ്‌കോ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ കുടുങ്ങി

മോസ്‌കോ: റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ കുടുങ്ങി. ഇവരെ ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.ഡല്‍ഹിയിലേക്കുള്ള ഏറോഫ്‌ലോട്ട് വിമാനത്തിലായിരുന്നു ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തശേഷം വിമാനത്താവളത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അതേസമയം വൈകിയെത്തിയത് കാരണമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത് എന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇന്ത്യക്കാര്‍ കുടുങ്ങിയ വിവരം ലഭിച്ച ഉടന്‍ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടുവെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഗേജുകള്‍ തിരിച്ചു ലഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു വരികയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍