ബ്രിട്ടന്‍: പുതിയ പ്രധാനമന്ത്രിയെ ജൂലൈ 23ന് പ്രഖ്യാപിക്കും

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി ആരെന്ന് അറിയാന്‍ ജൂലൈ 23 വരെ കാത്തിരിക്കണം. തെരേസാ മേയുടെ പിന്‍ഗാമിയെ അന്നു പ്രഖ്യാപിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമാക്കി.
പത്തു സ്ഥാനാര്‍ഥി മോഹികളില്‍നിന്ന് രണ്ടുപേരെ 313 എംപിമാര്‍ ചേര്‍ന്നു തെരഞ്ഞെടുത്തു ബോറീസ് ജോണ്‍സനും ജറമി ഹണ്ടും. പാര്‍ട്ടി അംഗങ്ങളായ 160,000പേരാണ് പോസ്റ്റല്‍ ബാലറ്റിലൂടെ ഇവരില്‍ ഒരാളെ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായി തെരഞ്ഞെടുക്കേണ്ടത്. 
ജൂലൈ ആറിനും എട്ടിനും ഇടയ്ക്ക് ബാലറ്റുകള്‍ അയയ്ക്കും. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകള്‍ ജൂലൈ 22നു വൈകുന്നേരം അഞ്ചിനകം തിരിച്ചുകിട്ടണം. ജൂലൈ 23 ചൊവ്വാഴ്ച വിജയിയെ പ്രഖ്യാപിക്കുമെന്നു പാര്‍ട്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. 
നേതാവിനെ തീരുമാനിച്ചു കഴിഞ്ഞാല്‍ തെരേസാ മേ ബക്കിങാം കൊട്ടാരത്തിലെത്തി ഔദ്യോഗികമായി പ്രധാനമന്ത്രിപദത്തില്‍ നിന്നുള്ള രാജിക്കത്ത് രാജ്ഞിക്കു കൈമാറും.
കൂടുതല്‍ എംപിമാരുടെ പിന്തുണ നേടാനായ ജോണ്‍സന് പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ സമാഹരിക്കാനാവുമെന്നാണു കരുതുന്നത്. ഈയിടെയുണ്ടായ വീട്ടുവഴക്കിനെത്തുടര്‍ന്നു ജോണ്‍സന്റെ ഫ്‌ലാറ്റില്‍ പോലീസ് എത്തിയതും സംവാദത്തിനുള്ള ജറമി ഹണ്ടിന്റെ വെല്ലുവിളി ജോണ്‍സണ്‍ നിരസിച്ചതും അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ നേരിയ മങ്ങലുണ്ടാക്കി. ജോണ്‍സനും ഹണ്ടും പാര്‍ട്ടി അംഗങ്ങളെ കാണുന്നതിനായി പര്യടനം നടത്തിവരികയാണ്
കണ്‍സര്‍വേറ്റീവുകള്‍ക്ക് പാര്‍ലമെന്റില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡിയുപി പാര്‍ട്ടിയുടെ പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. 
ജോണ്‍സണ്‍ അധികാരമേറ്റാലുടന്‍ വിശ്വാസ പ്രമേയം കൊണ്ടുവരണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. 
ജൂലൈ 25നു മുമ്പ് പ്രമേയം അവതരിപ്പിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് അവധിക്കു പിരിയുന്നതിനാല്‍ സെപ്റ്റംബര്‍ മൂന്നുവരെ കാത്തിരിക്കേണ്ടിവരും. താന്‍ അധികാരത്തിലേറിയാല്‍ ഒക്‌ടോബര്‍ 31നു ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നു ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍