എല്ലാ വീടുകളിലും 2024ല്‍ കുടിവെള്ളം എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്

ന്യൂഡല്‍ഹി: എല്ലാ വീടുകളിലും 2024ല്‍ കുടിവെള്ളം എത്തിക്കുമെന്ന് കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. വീടുകളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ജലവിഭവ വകുപ്പ്, നദീ വികസനം, ഗംഗ പുനരുജ്ജീവനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജലശക്തി എന്ന പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നല്‍ സെ ജല്‍ എന്നപേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഈ പദ്ധതി. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പുതിയതായി ജലശക്തി മന്ത്രാലയം രൂപീകരിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയത്.ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതിനാല്‍ രാജ്യത്തെ രണ്ട് ലക്ഷം ജനങ്ങള്‍ എല്ലാ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ പുതിയ പദ്ധതി രാജ്യത്തെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍