ചന്ദ്രയാന്‍2 വിക്ഷേപണം ജൂലൈ 15ന്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം കുതിച്ചുയരും. ചന്ദ്രയാന്‍2 ജൂലൈ 15ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് റോക്കറ്റ് രാത്രി 2.51ന് ആണ് വിക്ഷേപണം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. 10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍2ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് 3.8 ടണ്‍ ഭാരമുള്ള സാറ്റലൈറ്റിലുള്ളത്. 600 കോടി രൂപയാണ് നിര്‍മാണ ചെലവ്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. പ്രഗ്യാന്‍ എന്നാണ് റോവറിന്റെ പേര്. 2009ലാണ് ഇന്ത്യ ചന്ദ്രയാന്‍ ഒന്ന് ദൗത്യം വിക്ഷേപിക്കുന്നത്. ഈ മിഷനില്‍ റോവര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നുള്ള പേലോഡുകളും ചന്ദ്രയാന്‍2 ദൗത്യം വഹിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍2 വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍