പാലാരിവട്ടം മേല്‍പ്പാലം ഇ. ശ്രീധരന്‍ 17നു പരിശോധിക്കും

തിരുവനന്തപുരം: തകരാര്‍ സംഭവിച്ച കൊച്ചി പാലാരിവട്ടം മേല്‍പ്പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം 17നു പരിശോധിക്കും. സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും പാലം പൊളിച്ചു പണിയണോ അതോ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ എന്നിവരുമായി ഇ. ശ്രീധരന്‍ ചര്‍ച്ച നടത്തി. മേല്‍പ്പാലത്തെക്കുറിച്ചു സാങ്കേതിക പഠനം നടത്തിയ ചെന്നൈ ഐഐടിയിലെ പ്രഫസര്‍ അളഗ സുന്ദരം, ഡിഎംആര്‍സിയിലെ കോണ്‍ക്രീറ്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പരിശോധനയ്ക്ക് എത്തും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി മീഡിയം മെട്രോ പദ്ധതിയാക്കി മാറ്റുന്നതിലും സര്‍ക്കാര്‍ ഇ. ശ്രീധരന്റെ സാങ്കേതികോപദേശം തേടിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിലവിലെ അറ്റകുറ്റപ്പണികള്‍ പാലത്തെ താങ്ങി നിര്‍ത്താന്‍ സഹായിക്കില്ലെന്ന് ചെന്നൈ ഐഐടി പഠനറിപ്പോര്‍ട്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മേല്‍പ്പാലം നിര്‍മിച്ചത്. നിര്‍മാണത്തില്‍ ആവശ്യത്തിനു സിമന്റ് ഉപയോഗിച്ചില്ലെന്നും നിര്‍മാണത്തിലാകെ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍