റോഡപകടങ്ങളില്‍ ദിവസവും പൊലിയുന്നത് 11 ജീവനുകള്‍

തിരുവനന്തപുരം : അമിതവേഗത മൂലം സംസ്ഥാനത്തുണ്ടാകുന്ന റോഡപകടങ്ങളില്‍ ദിവസവും 11 പേര്‍ മരിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. 2016 ജൂണ്‍ മുതല്‍ 2019 ഏപ്രില്‍ വരെ റോഡുകളില്‍ 12,392 പേര്‍ മരിച്ചു.ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011 മുതല്‍ 2018 വരെ 20.26 കോടി രൂപ ചെലവഴിച്ച് 143 ആട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് കാമറകള്‍ സ്ഥാപിച്ചെന്നും കെ.ജെ. മാക്‌സി, സണ്ണി ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി കളെ കെണിയിലാക്കുന്ന സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ കടക്കാ തിരിക്കാന്‍ പി.ടി.എയുമായി സഹകരിച്ച് സുരക്ഷാ ഗാര്‍ഡുമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് പി.ടി. തോമസിനെ മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാനത്ത് അടുത്തിടെയുണ്ടായ മണിചെയിന്‍ തട്ടിപ്പുകേസില്‍ മണ്ണന്തല പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മോന്‍സ് ജോസഫിന്റെ അടിയന്തരചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.വന്‍കിട ഉപഭോക്താക്കളിന്‍ നിന്ന് 820.84 കോടി രൂപ കെ.എസ്.ഇ.ബിക്ക് കിട്ടാനുണ്ടെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. സി. ദിവാകരന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഗോഡൗണുകളില്‍ സി.സി ടിവി കാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. വി.ആര്‍. സുനില്‍കുമാര്‍, ചിറ്റയം ഗോപകുമാര്‍, ആര്‍. രാമചന്ദ്രന്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍