ഗള്‍ഫില്‍ സംഘര്‍ഷം; സൗദി എണ്ണടാങ്കറുകള്‍ക്കു നേരേ ആക്രമണം

ഫുജൈറ(യുഎഇ): യുഎഇ തീരക്കടലില്‍ ഫുജൈറ പോര്‍ട്ടിനു സമീപം സൗദിയുടെ രണ്ട് എണ്ണടാങ്കറുകള്‍ ഉള്‍പ്പെടെ നാലു കപ്പലുകള്‍ക്കു നേരേ നടന്ന ആക്രമണം ഗള്‍ഫില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു.
എണ്ണക്കപ്പലുകളുടെ നേര്‍ക്ക് ആക്രമണത്തിന് ഇറാന്‍ മുതിര്‍ന്നേക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കി മൂന്നു ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോര്‍വേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ രണ്ടു കപ്പലുകള്‍ക്കും കനത്ത നാശമുണ്ടായെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു. ആളപായമില്ല. സൗദി ടെര്‍മിനലില്‍നിന്ന് എണ്ണ കയറ്റി യുഎസിലേക്കു കൊണ്ടുപോകുന്നതിനുള്ള കപ്പലാണ് ആക്രമണത്തില്‍ കേടുപറ്റിയതില്‍ ഒരെണ്ണം. ആക്രമണവാര്‍ത്തയെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 1.8ശതമാനം ഉയര്‍ന്നു.ലണ്ടനില്‍ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗള്‍ഫ് ഓഹരിവിപണിയില്‍ ഇടിവുണ്ടായി. ഇതിനിടെ കുഴപ്പം കുത്തിപ്പൊക്കാനായി മൂന്നാം രാജ്യങ്ങളാരെങ്കിലുമായിരിക്കും ആക്രമണം നടത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നു പിന്മാറിയ അമേരിക്ക ഈയിടെ ഗള്‍ഫ് മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും അയച്ചിരുന്നു. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വന്‍ യുദ്ധത്തിലേക്കു നയിക്കാമെന്ന് ബ്രസല്‍സില്‍ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജറമി ഹണ്ട് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. യൂറോപ്യന്‍ നേതാക്കളുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ആശയവിനിമയം നടത്തുമെന്ന് ഹണ്ട് പറഞ്ഞു. മോസ്‌കോ സന്ദര്‍ശനം ഒഴിവാക്കി പോംപിയോ ഇന്നലെ ബ്രസല്‍സില്‍ എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍