കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കുവാന്‍ റെയില്‍വേ പോലീസ് എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ ജനമൈത്രി സുരക്ഷാസമിതി യോഗത്തില്‍ തീരുമാനം. സിസിടിവി കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജനമൈത്രി സുരക്ഷാസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ റെയില്‍വേ സ്റ്റേഷനിലെ എവിടിഎം മെഷീനുകള്‍ കേടായിട്ട് മാസങ്ങളായി. അതിനാല്‍ ടിക്കറ്റ് കൗണ്ടറില്‍ വ്യാപകമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറയ്ക്കുവാന്‍ മെഷീന്‍ അറ്റകുറ്റപ്പണികള്‍ നടത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. മെഷീന്‍ അറ്റകുറ്റപ്പണി ഉടന്‍ തന്നെ നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാത്രി പത്തിനുശേഷം റെയില്‍വേ പ്ലാറ്റ്‌ഫോമുകളിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് റെയില്‍വേ പോലീസ് റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ലൈറ്റുകള്‍ ഓഫ് ചെയ്യില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നും യോഗത്തില്‍ ചര്‍ച്ചയായി. നിലവില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ന്റെ അധികാരപരിധിയിലാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരം. എന്നാല്‍ ഇവിടെ പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ ടൗണ്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് രേഖാമൂലം പരാതി നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. സ്റ്റേഷന്‍ മാനേജര്‍ മനോജ് കുമാര്‍, ഡെപ്യൂട്ടി കമേഴ്‌സ്യല്‍ മാനേജര്‍ കൃഷ്ണന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി റഷീദ് കവ്വായി, ആര്‍പിഎഫ് എസ്‌ഐ സുമിത്ത്, കൗണ്‍സിലര്‍ ലിഷ ദീപക് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍