വെറുപ്പിന്റെ രാഷ്ട്രീയം ജനം തള്ളിക്കളയും: രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രചാരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കരുതുന്നു സ്‌നേഹം വിജയിക്കുമെന്ന്. ജനങ്ങളാണ് ഞങ്ങളുടെ ബോസ്. ജനങ്ങള്‍ എന്തു വിധിച്ചാലും അതംഗീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ട് ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ഔറംഗസേബ് ലെയ്‌നിലെ ബൂത്തിലാണു രാഹുല്‍ വോട്ട് ചെയ്തത്. സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഇല്ലാതെ കാല്‍നടയായി ആണ് രാഹുല്‍ പോളിംഗ് ബൂത്തിലെത്തിയതും തിരികെപ്പോയതും. ന്യൂഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് മാക്കനും രാഹുലിനൊപ്പം വോട്ട് ചെയ്തു. നാലു പ്രശ്‌നങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയതെന്നു രാഹുല്‍ പറഞ്ഞു. ഇതെന്റെ പ്രശ്‌നങ്ങളല്ല, മറിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. അതില്‍ പ്രധാനപ്പെട്ടതാണ് തൊഴിലില്ലായ്മ. മറ്റൊന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍. നോട്ട് നിരോധനവും ഗബ്ബര്‍ സിംഗ് ടാക്‌സുമാണ് മറ്റുള്ളവ. അഴിമതിയും റഫാല്‍ വിഷയവും ഇതോടൊപ്പമുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇവയോടെല്ലാമാണ് ജനങ്ങള്‍ പൊരുതിയത്. നരേന്ദ്ര മോദി ഉപയോഗിച്ചത് വെറുപ്പാണ്. താന്‍ ഉപയോഗിച്ചത് സ്‌നേഹവും. അതുകൊണ്ടു സ്‌നേഹം വിജയം തരുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇതേ ബൂത്തിലാണ് വോട്ട് ചെയ്തത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മുന്‍ മുഖ്യമന്ത്രിയും വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഷീലാ ദീക്ഷിതിനൊപ്പം നിര്‍മാണ്‍ ഭവനില്‍ വോട്ട് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയും നിര്‍മാണ്‍ ഭവനിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍