അയോധ്യ കേസില്‍ മധ്യസ്ഥസമിതിക്ക് കൂടുതല്‍ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ മധ്യസ്ഥസമിതിക്ക് സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. മധ്യസ്ഥശ്രമം തുടരാന്‍ ഓഗസ്റ്റ് 15 വരെയാണ് സമിതിക്ക് കോടതി സമയം അനുവദിച്ചത്. മധ്യസ്ഥ സമിതിയുടെ കാലാവധി ഈ മാസം 13 ന് അവസാനിക്കാനിരിക്കെയാണ് കോടതി നടപടി.വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സമിതി കൂടുതല്‍ സമയം കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. മധ്യസ്ഥശ്രമങ്ങളില്‍ തങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സമിതി കോടതിയെ അറിയിച്ചു. കേസ് രമ്യതയില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് മധ്യസ്ഥസമിതിക്ക് വിശ്വാസമുണ്ടെങ്കില്‍ കോടതി തടസം നില്‍ക്കില്ലെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. മൂന്നംഗ സമിതി കഴിഞ്ഞ ദിവസം ഇടക്കാല റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ഇന്ന് കോടതി പരിശോധിച്ചു. എട്ടാഴ്ച കേസിലെ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്. ജൂണ്‍ രണ്ടിനാണ് സമിതിയുടെ അടുത്ത സിറ്റിംഗ്.മുന്‍ സുപ്രീംകോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരായിരുന്നു മധ്യസ്ഥസമിതിയിലുണ്ടായിരുന്നത്. 
അയോധ്യയ്ക്കു സമീപം ഫൈയ്‌സാബാദിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍