എന്‍.ആര്‍.മാധവമേനോന് വിട

തിരുവനന്തപുരം: ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പദ്മശ്രീ ജേതാവും മനുഷ്യാവകാശങ്ങളുടെ പ്രയോക്താവുമായ ഡോ.എന്‍.ആര്‍.മാധവ മേനോന് വിട. 84 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് 2.30ന് നടക്കും. പൂജപ്പുര, സായിറാം റോഡിലെ ദേവിപ്രിയ എന്ന വീട്ടിലായിരുന്നു താമസം.ഏപ്രില്‍ 27 നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1935 മേയ് നാലിന് രാമകൃഷ്ണ മേനോന്റെയും ഭവാനി അമ്മയുടെയും ആറ് മക്കളില്‍ നാലാമനായി പൂജപ്പുരയിലാണ് മാധവമേനോന്റെ ജനനം. എറണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് ചേര്‍ന്ന മേനോന്‍ 1953ല്‍ കോളേജ് തിരുവനന്തപുരത്ത് പുനരാരംഭിച്ചപ്പോള്‍ അവിടേക്ക് മാറുകയും 1955ല്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 1956ല്‍ കേരള ഹൈക്കോടതിയില്‍ രജിസ്റ്റര്‍ ചെയ്തു.തുടര്‍ന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് സര്‍വീസില്‍ പ്രവേശിച്ചു. 1960ല്‍ അലിഗഡ് മുസ്‌ളിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍.എല്‍.എം പാസായി. 1965ല്‍ പി.എച്ച്.ഡി നേടി. അലിഗഡില്‍ നിന്ന് നിയമത്തില്‍ ആദ്യ പി.എച്ച്.ഡി നേടിയതും മേനോനാണ്. 1965ല്‍ ഡല്‍ഹിയിലെ കാമ്പസ് ലോ സെന്റര്‍ മേധാവിയായി.1986ല്‍ നാഷണല്‍ ലോ സ്‌കൂള്‍ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു) സ്ഥാപിച്ച മാധവ മോനോന്‍ വൈസ് ചാന്‍സലറായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സെന്ന ആശയം മുന്നോട്ട് വച്ചതും മേനോനാണ്.1998 മുതല്‍ 2003 വരെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് ജുറിഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക വി.സിയായിരുന്നു. ഭോപ്പാലില്‍ ദേശീയ ജുഡിഷ്യല്‍ അക്കാഡമി സ്ഥാപിക്കുന്നതിന് സുപ്രീംകോടതി അദ്ദേഹത്തിന്റെ സേവനം തേടിയിരുന്നു. 2006ല്‍ വിരമിക്കുന്നത് വരെ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ക്രിമിനല്‍ ജസ്റ്റിസ് പരിഷ്‌കരണ കമ്മിറ്റി, ഉന്നത വിദ്യാഭ്യാസ പുനര്‍രൂപീകരണ കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. രണ്ട് തവണ ലോ കമ്മിഷന്‍ അംഗമായി. കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യുക്കേഷന്‍ അസോസിയേഷന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1994 98 കാലത്ത് ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ പ്രസിഡന്റായിരുന്നു. 2003ലാണ് പദ്മശ്രീ ലഭിച്ചത്. പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചു. രമാദേവിയാണ് ഭാര്യ. ബംഗളൂരുവില്‍ എന്‍ജിനീയറായ രാമകൃഷ്ണന്‍ മേനോനാണ് മകന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍