മേയുടെ പിന്‍ഗാമി ജൂലൈയില്‍

ലണ്ടന്‍: തെരേസാ മേയ്ക്കു പകരമുള്ള പുതിയ പ്രധാനമന്ത്രിയെ ജൂലൈ അവസാനത്തോടെ തെരഞ്ഞെടുക്കും. ജൂണ്‍ ഏഴിനു പാര്‍ട്ടി നേതൃപദവി ഒഴിയുമെന്നാണു മേ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ പത്തിന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കും. ഇതു പൂര്‍ത്തിയാവാന്‍ ആറാഴ്ചവരെ സമയം എടുക്കുമെന്നു കരുതുന്നു. ഈ സമയമെല്ലാം മേ കാവല്‍ പ്രധാനമനന്ത്രിയായി തുടരും. മുന്‍ മന്ത്രി ബോറീസ് ജോണ്‍സനാണ് മേയുടെ പിന്‍ഗാമിയാവാന്‍ മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചയാള്‍. ഏറ്റവും ഒടുവിലായി വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ടും സ്ഥാനാര്‍ഥിമോഹം അറിയിച്ചു.മുന്‍ ബ്രെക്‌സിറ്റ് സെക്രട്ടറി ഡോമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ്, പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവ് എന്നിവരും മത്സരിച്ചേക്കും. രണ്ട് എംപിമാരുടെ പിന്തുണയുണ്ടെങ്കിലേ നേതൃപദവിയിലേക്കു മത്സരിക്കാനാവൂ. അവസാനം രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം മത്സരരംഗത്തു ശേഷിക്കുന്നതുവരെ നിരവധി തവണ വോട്ടെടുപ്പു നടത്തും. ഓരോ തവണയും കുറവു വോട്ടു കിട്ടുന്നവരെ ഒഴിവാക്കും. രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രമായാല്‍ ടോറി പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് വോട്ടെടുപ്പു നടത്തി നേതാവിനെ നിശ്ചയിക്കും. അതു കഴിഞ്ഞുമാത്രമേ പ്രധാനമന്ത്രി മേ ബക്കിംഗാം കൊട്ടാരത്തിലെത്തി രാജ്ഞിക്കു ഔദ്യോഗികമായി രാജി സമര്‍പ്പിക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍