ലാന്റിംഗിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍, വിമാനത്തെ കുത്തനെ നിലത്തിറക്കി പൈലറ്റ്

യാംഗൂണ്‍: ലാന്റിംഗിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം മൂക്കുകുത്തി നിലത്തിറക്കി. വിമാനത്തിന്റെ ചക്രങ്ങള്‍ ജാമായതിനെ തുടര്‍ന്ന് അതിസാഹസികമായാണ് പൈലറ്റ് ലാന്റിംഗ് നടത്തിയത്. യാംഗൂണില്‍നിന്ന് മാന്‍ഡലയ് വിമാനത്താവളത്തിലേക്ക് എത്തിയ മ്യാന്‍മര്‍ നാഷനല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണു സാഹസികമായി ലാന്‍ഡിംഗ് നടത്തിയത്. 89 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് വിമാനത്തിന്റെ മുന്നിലെ ചക്രങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൈലറ്റ് തിരിച്ചറിയുന്നത്. ഇതേതുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് അറിയിപ്പു നല്‍കി. ശേഷം അധിക ഇന്ധനം പുറത്തേക്കു തള്ളി വിമാനത്തിന്റെ ഭാരം കുറച്ചു. തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. നിലത്തേക്കിറക്കിയ വിമാനത്തിന്റെ മൂക്കു നിലത്തു മുട്ടുന്നതിനു മുന്‍പ് പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ചു. വിമാനം റണ്‍വേയില്‍നിന്ന് അല്‍പം തെന്നി മാറിയെങ്കിലും സുരക്ഷിതമായി യാത്രക്കാരെ പുറത്തിറക്കാന്‍ കഴിഞ്ഞു. ക്യാപ്റ്റന്‍ മിയാത് മൊയ് ഒംഗിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍