ശബരിമല സമരത്തില്‍ ഒപ്പം നിന്നവര്‍ സഹായിച്ചില്ല, എന്‍.എസ്.എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി ബി.ജെ.പി

തിരുവനന്തപുരം: ശബരിമല സമരത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ രംഗത്തെത്തി. യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സമരം ചെയ്ത പ്രസ്ഥാനങ്ങള്‍ പലതും യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍.എസ്.എസിനെ പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം ഒരു സ്വകാര്യ ചാനലിനോടായിരുന്നു. അതേസമയം, അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും നേടാനാവാത്തത് ബി.ജെ.പിയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എല്ലായിടത്തും ബി.ജെ.പിക്ക് അനുകൂല തരംഗമുണ്ടായിട്ടും അത് കേരളത്തില്‍ ഉപയോഗിക്കാനാവാത്തത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ ഏതെണ്ടെല്ലാ സീറ്റുകളിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും പാര്‍ട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കേവലം 33,806 വോട്ടുകള്‍ മാത്രമാണ് കൂടുതല്‍ നേടാനായതെന്നും ചര്‍ച്ചയാകും. തൊട്ടടുത്ത മണ്ഡലത്തില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ നേടിയപ്പോഴാണ് കുമ്മനത്തിന്റെ ദയനീയ പ്രകടനം. എന്നാല്‍ ഇത്രയും വലിയ തിരിച്ചടി എങ്ങനെയുണ്ടായെന്ന് കണ്ടെത്താനായി ബൂത്ത് തലം മുതലുള്ള പരിശോധന ബി.ജെ.പി തുടങ്ങിയിട്ടുണ്ട്.അതിനിടെ, ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് ശരിയായിരുന്നുവെന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.ഹൈന്ദവര്‍ക്കെന്ന പോലെ തന്നെ ക്രിസ്ത്യന്‍ മുസ്ലീം ജനവിഭാത്തിലെ അനേകര്‍ക്കും ശബരിമലയും അവിടുത്തെ ആചാര അനുഷ്ഠാനങ്ങളും പരമ പ്രധാനമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ എത്ര ശക്തരായാലും മത വിശ്വാസത്തിന് മുന്നില്‍ ദുര്‍ബലമാകും. ഇതിന് കേരളത്തില്‍ മുന്‍കാല സംഭവങ്ങള്‍ തെളിവാണെന്ന് പറഞ്ഞ പിള്ള എന്‍.എസ്.എസ് നിലപാടാണ് ശരിയെന്നും കൂട്ടിചേര്‍ത്തു. കേന്ദ്രത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വിശ്വസിച്ചെന്നും സി.പി.എമ്മിന് ഡല്‍ഹിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന പ്രചാരണങ്ങളില്‍ അവര്‍ വശംവദരായെന്നും പിള്ള പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍