ബോഫോഴ്‌സ് കേസ്: സിബിഐ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി സിബിഐ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി 2018 ഫെബ്രുവരി ഒന്നാണ് സിബിഐ ഹര്‍ജി നല്‍കിയിരുന്നത്. സിബിഐയുടെ അപേക്ഷ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് നവിന്‍ കുമാര്‍ കശ്യപ് അംഗീകരിച്ചു. ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതിയുടെ 2005ലെ ഉത്തരവിനെതിരേ സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയിരുന്ന അപ്പീല്‍ 2018 നവംബര്‍ രണ്ടിനു തള്ളിയിരുന്നു. 13 വര്‍ഷം വൈകി അപ്പീല്‍ നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതിനു പിന്നാലെയാണു ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ വിചാരണക്കോടതിയിലും അപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെങ്കില്‍ അതിനു തങ്ങളുടെ അനുവാദം തേടുന്നത് എന്തിനാണെന്നു കഴിഞ്ഞ ഡിസംബറില്‍ കോടതി ചോദിക്കുകയും ചെയ്തിരുന്നു. റായ്ബറേലിയില്‍ 2014ല്‍ സോണിയ ഗാന്ധിക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അജയ് അഗര്‍വാള്‍ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച സമാനമായ ഹര്‍ജി പിന്‍വലിക്കാനും അനുമതി തേടി. ഇതില്‍ ക്ഷുഭിതമായ കോടതി തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിനു 100 രൂപ പിഴയിടുമെന്നു പറഞ്ഞു. ഇത്തവണ ടിക്കറ്റ് കിട്ടാത്ത അഗര്‍വാള്‍ വിമതനായി പത്രിക നല്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവര്‍ക്കെതിരേ ആരോപണമുള്ള ബോഫോ ഴ്‌സ് ആയുധ ഇടപാടില്‍ 2005 മേയിലാണ് ഹിന്ദുജ സഹോദരന്മാ രെയും കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ സിബിഐ അനുമതി തേടിയിരുന്നെങ്കിലും അന്നത്തെ യുപിഎ സര്‍ക്കാര്‍ അതു നിഷേധിച്ചിരുന്നു.
പ്രൈവറ്റ് ഡിറ്റക്ടീവായ ഹെര്‍ഷ്മാന്‍ ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ടു നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ പുതിയ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍