ഇനി ലോകകപ്പ ്ക്രിക്കറ്റ് ആരവം

 ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങിയതോടെ ഇനി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയത്രയും ഈമാസം അവസാനം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കായി. മേയ് 30ന് ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാകും. ലോകകപ്പ് മുന്നില്‍ കണ്ട് ടീമുകള്‍ എല്ലാം കടുത്ത പരിശീലനത്തിലേക്ക് കടന്നു. ഇന്ത്യ ഒഴികെയുള്ള ഭൂരിഭാഗം ടീമും പരിശീലന മത്സരങ്ങള്‍ കളിച്ചു തുടങ്ങി. ഐ.പി.എല്‍ തിരക്കിലായിരുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉടന്‍ തന്നെ ലോകകപ്പിനായി പരിശീലനം തുടങ്ങും. പത്ത് ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. മേയ് 30 ന് ഇംഗ്ലണ്ടിലെ ഓവല്‍ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ആസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തിലാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. 11 വേദികളിലായാണ് മത്സരം നടക്കുന്നത്. ജൂലായ് 14ന് ലോഡ്‌സിലാണ് ഫൈനല്‍. ഐ.പി.എല്‍ കളിച്ചതിന്റെ ക്ഷീണം ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാകുമോയെന്നതാണ് മൂന്നാം ലോകകപ്പ് ലക്ഷ്യം വയ്ക്കുന്ന ടീം ഇന്ത്യയുടെ പ്രധാന തലവേദന. മികച്ച ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരുമുള്ള സന്തുലിത ടീമാണ് ഇന്ത്യയുടേത്. ബാറ്റിംഗിലെ നാലാം നമ്പറാണ് തലവേദന. അമ്പാട്ടി റായ്ഡുവിനെയും റിഷഭ് പന്തിനെയും മറികടന്ന് ഈ പൊസിഷനില്‍ അവസരം കിട്ടിയത് വിജയ് ശങ്കറിനാണ്. എന്നാല്‍ ഐ.പി.എല്ലില്‍ വിജയ് പരാജയപ്പെട്ടത് ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. ഫോമില്‍ തിരിച്ചെത്തിയ കെ.എല്‍ രാഹുലിനെ ഈ സ്ഥാനത്ത് പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്. ഓപ്പണര്‍മാരില്‍ ധവാന്‍ ഫോമിലാണ്. അതേസമയം ഐ.പി.എല്ലില്‍ രോഹിതിന് വേണ്ടത്ര തിളങ്ങാനായില്ല. വിരാട് കൊഹ്‌ലിയുടെ ടീം ഐ.പി.എല്ലില്‍ പരാജയമായിരുന്നെങ്കിലും ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന്‍ മുന്നില്‍ തന്നെയായിരുന്നു.ബൗളിംഗില്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം നല്‍കുന്ന ആത്മ വിശ്വാസം ചില്ലറയല്ല. സ്പിന്നര്‍മാരായ കുല്‍ദീപും ചഹാറും ഐ.പി.എല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടില്‍ മികവിലേക്ക് തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍