തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ കേസില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ വിലക്കിയ കേസില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ആനയുടെ വിലക്ക് നീക്കണമെന്ന ഹര്‍ജി കോടതി തള്ളി. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുക്കേണ്ടത്. ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തീരുമാനക്കട്ടെയെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ എത്തിയിരുന്നെങ്കിലും കോടതി നിലപാട് ചോദിച്ചില്ല.തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനു വനംവകുപ്പും, ജില്ലാ മോണിറ്ററി കമ്മിറ്റിയും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് തെച്ചിക്കോട്ടുക്കാവ് ദേവസ്വം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി തീരുമാനം വ്യക്തമാക്കിയത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കലക്ടര്‍ അധ്യക്ഷനായ ജില്ലാതല നിരീക്ഷകസമിതി തീരുമാനമെടുക്കും. തീരുമാനം കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ക്ക് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് നിയമോപദേശം നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു. തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി ആന ഉടമകളുകള്‍ വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതോടെ ഒരു ഉല്‍സവത്തിനും ആനകളെ നല്‍കില്ലെന്ന കടുത്ത തീരുമാനത്തില്‍ ആന ഉടമകള്‍ എത്തിയിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര പീഡനത്തിന് അറുതി വരുത്താന്‍ ശ്രമിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പിന്മേല്‍ ഈ തീരുമാനത്തിന് നിന്ന് പിന്‍മാറാന്‍ സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍