കുമ്മനം വിജയിക്കുമെന്ന സര്‍വേ ഗുണം ചെയ്തത് കോണ്‍ഗ്രസിന്, വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്ന് ശശി തരൂര്‍. ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിച്ചതോടെ അപകടം മണത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാനെത്തിയ പ്രയോജനം സര്‍വേ കൊണ്ടുണ്ടായെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സജീവമായില്ലെന്ന് ആരോപണമുയര്‍ന്നവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ലെന്നു ശശി തരൂര്‍ എംപി. നേതാക്കള്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്നു പറഞ്ഞു താന്‍ എ.ഐ.സി.സി.ക്കു പരാതി നല്‍കിയിട്ടില്ല. അങ്ങനെയൊരു കത്ത് താന്‍ കണ്ടിട്ടില്ല. പ്രചാരണത്തിന് 6 ആഴ്ച കിട്ടിയതിനാല്‍ പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാന്‍ കഴിഞ്ഞു. അവസാനത്തെ 3 ആഴ്ച മികച്ച രീതിയില്‍ പ്രചാരണം നടന്നു. പ്രീ പോള്‍ സര്‍വേകള്‍ക്ക് ഒരടിസ്ഥാനവുമില്ല. 10 ലക്ഷം പേര്‍ വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ 250 പേരോടു ചോദിച്ചാണ് പ്രവചിക്കുന്നത് തരൂര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍