ഭീഷണിക്കിടയിലും ചൈന ചര്‍ച്ചയ്ക്ക് യുഎസിലേക്ക്

ബെയ്ജിംഗ്: ചുങ്കം കൂട്ടുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും വാണിജ്യ ചര്‍ച്ചയ്ക്കു തയാറായി ചൈന. ഉപപ്രധാനമന്ത്രി ലിയു ഹേയുടെ നേതൃത്വത്തിലുള്ള സംഘം നാളെ വാഷിംഗ്ടണിലെത്തും. യുഎസ് വാണിജ്യ പ്രതിനിധി റോബര്‍ട്ട് ലൈഥൈസറുടെയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്‌നുചിന്റെയും ക്ഷണപ്രകാരമാണ് ചൈനീസ് സംഘം എത്തുന്നത്. വെള്ളിയാഴ്ച ചുങ്കം കൂട്ടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നു ചൈന ചര്‍ച്ച ബഹിഷ്‌കരിക്കുമെന്നു പലരും കരുതിയിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍നിന്നു പിന്തിരിയാനില്ലെന്നാണു ചൈനീസ് നിലപാട്. ചൈനയുമായുള്ള വാണിജ്യത്തില്‍ അമേരിക്കയ്ക്കു പ്രതിവര്‍ഷം 50,000 കോടി ഡോളര്‍ നഷ്ടമുണ്ടെന്നും ഇതു തുടരാനാകില്ലെന്നുമാണ് ട്രംപിന്റെ വാദം. ഇതിനുവേണ്ടി ചുങ്കം കൂട്ടും. പത്തു ശതമാനം ചുങ്കമുള്ളവയ്ക്കു വെള്ളി മുതല്‍ 25 ശതമാനം നല്കണം. ചുങ്കമില്ലാത്ത സാധനങ്ങള്‍ക്ക് പിന്നീട് 25 ശതമാനം ചുങ്കം ചുമത്തും.ട്രംപിന്റെ സമ്മര്‍ദതന്ത്രമാണ് ചുങ്കം ചുമത്തല്‍ എന്നു ചൈന കരുതുന്നു. ട്രംപ് ആവശ്യപ്പെട്ടത്ര വിട്ടുവീഴ്ച വേണ്ടെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് തന്നെയാണ് തീരുമാനിച്ചത്. പ്രത്യാഘാതം എന്തായാലും ഭയമില്ലെന്നാണു ഷി പറയുന്നത്. ട്രംപിന്റെ ട്വീറ്റില്‍ പ്രതിഷേധിച്ചു ചൈന ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നാല്‍ അതു വിഷയമാക്കി യുഎസ് തിരിച്ചടിക്കും. അതുകൊണ്ടാണ് ചര്‍ച്ച തുടരാന്‍ ചൈന തീരുമാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍