മലയോരഹൈവേ; എട്ട് ജംഗ്ഷനുകള്‍ പൂര്‍ണമായും നവീകരിക്കും

പുനലൂര്‍: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി റോഡ് കടന്നുപോകുന്ന പ്രധാനപ്പെട്ട എട്ട് ജംഗ്ഷനുകള്‍ നവീകരിക്കും. പുനലൂര്‍, കരവാളൂര്‍, അമ്പലംമുക്ക്, ആലഞ്ചേരി, ഏരൂര്‍, ഭാരതീപുരം, കുളത്തൂപ്പുഴ, മടത്തറ എന്നീ ജങ്ഷനുകളാണ് നവീകരിക്കുന്നത്. ഓരോ ജങ്ഷനിലും ലഭ്യമാവുന്ന സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ചായിരിക്കും പുന:രുദ്ധാരണം നടത്തുക. കാസര്‍കോട് ജില്ലയിലെ മന്ദാരപ്പടവുമുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശാലവരെ നീളുന്നതാണ് മലയോര ഹൈവേ. നിലവിലെ റോഡ് നവീകരിച്ചാണ് മലയോര ഹൈവേയാക്കുന്നത്. ഇതില്‍ പത്തനാപുരം കല്ലുംകടവുമുതല് മടത്തറ ചല്ലിമുക്കുവരെ 62.1 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. ഇത്രയും ദൂരത്തില്‍ പുനലൂര്‍ മുതല് എല്ലാ ജംഗ്ഷനും നവീകരിക്കും. അമ്പലംമുക്ക് മുതല്‍ ആലഞ്ചേരി വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിന്റെ വീതി വര്‍ധിപ്പിക്കല്‍ ഇപ്പോഴില്ല. പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലെ വണ്‍വേ റോഡ് പൊളിച്ച് ദേശീയ പാതയോട് ചേര്‍ത്ത് വീതിയുളള ഒറ്റ റോഡാക്കും. പുനലൂര്‍ വെട്ടിപ്പുഴ പാലം, കരവാളൂര്‍ പിറയ്ക്കല്‍ പാലം, അഞ്ചല്‍ മാവിള കനാല്‍ പാലം, കുളത്തൂപ്പുഴ മുപ്പതടിപ്പാലം എന്നിവയുടെ വീതിയും വര്‍ധിപ്പിക്കും. 15 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ വികസിപ്പിക്കുന്നത്. നിലവില്‍ അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെയുള്ള ടാറിങ് വീതി 10 മീറ്ററാകും. നടപ്പാത, ഓട, എന്നിവയും നിര്‍മിക്കും.അരിപ്പ കുളത്തൂപ്പുഴ, കുളത്തൂപ്പുഴ ആലഞ്ചേരി, അഗസ്ത്യക്കോട് പുനലൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ എന്നീ റീച്ചുകളായാണ് നിര്‍മാണം. 205 കോടി രൂപയാണ് ഹൈവേ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍