സംഗീതോപകരണവുമായി പറക്കാന്‍ അനുവദിച്ചില്ല; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍

ന്യൂഡല്‍ഹി: തന്റെ സംഗീതോപകരണം ഒപ്പം കൊണ്ട് പോകാന്‍ അനുവദിക്കാത്ത വിമാന കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ച് ശ്രേയ ഘോഷാല്‍. ട്വിറ്റര്‍ വഴിയാണ് ശ്രേയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാന കമ്പനിക്കെതിരെയുള്ള തന്റെ വിമര്‍ശനം തൊടുത്തത്. വിമാനകമ്പനിക്ക് സംഗീതജ്ഞരെയോ സംഗീതോപകരണങ്ങളെയോ ഇഷ്ടമല്ലെന്നും താന്‍ പഠിക്കേണ്ട പാഠം പഠിച്ചുവെന്നുമാണ് ശ്രേയ ട്വീറ്റ് ചെയ്തത്.'എനിക്ക് തോന്നുന്നത്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംഗീതജ്ഞരെയും അമൂല്യമായ സംഗീതോപകരണം കൈയില്‍ വെക്കുന്നവരെയും അവരുടെ വിമാനത്തില്‍ പോകാന്‍ അനുവദിക്കില്ലായെന്നാണ്. ഏതായാലും ഞാന്‍ പാഠം പഠിച്ചു. നന്ദി.' ശ്രേയ ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ വിമാനക്കമ്പനി ശ്രേയയുടെ ട്വീറ്റിന് മറുപടി നല്‍കി . ശ്രേയയ്ക്ക് ഇങ്ങനെ സംഭവിച്ചതില്‍ തങ്ങള്‍ മാപ്പ് പറയുന്നുവെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങളെ അറിയിക്കണമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മറുപടി ട്വീറ്റ് നല്‍കി. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നിങ്ങളോടു എന്താണ് പറഞ്ഞതെന്നും കമ്പനി ശ്രേയയോട് ആരാഞ്ഞു.സാധാരണയായി 'ഏകാകി ' എന്ന ലേബലിലാണ് ശ്രേയ സംഗീത ലോകത്തും സിനിമാലോകത്തും അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ശ്രേയയുടെ ഈ പ്രതികരണം ആരാധകരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ പ്രിയപ്പെട്ട ഗായികയെ പിന്താങ്ങിക്കൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ കമന്റിട്ടത്. സംഭവത്തില്‍ വിമാനക്കമ്പനിയെ കുറ്റപ്പെടുത്തിക്കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. തികച്ചും ഗൗരവമുള്ള വിഷയമായതുകൊണ്ടാണ് ശ്രേയ പ്രതികരിച്ചതെന്നും ഒരു ട്വിറ്റര്‍ യൂസര്‍ അഭിപ്രായപ്പെട്ടു.പതിമൂന്ന് വര്‍ഷമായി സംഗീത രംഗത്തുള്ള ശ്രേയയുടെ അടുത്തിടെ ഇറങ്ങിയ ഹിറ്റ് പാട്ട് 'കളങ്കി'ലെ 'ഘര്‍ മൊരെ പര്‍ദേസിയ'യാണ്. ഇന്ത്യയിലെ ആദ്യത്തെ സംഗീത റിയാലിറ്റി ഷോ ആയ 'മേരി ആവാസ് സുനോ'യിലൂടെയാണ് ശ്രേയ ഇന്ത്യന്‍ മുഖ്യധാരാ സംഗീതത്തിലേക്ക് പ്രവേശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍