ചൈനയ്‌ക്കെതിരേ ട്രംപ് വീണ്ടും

; കമ്പോളങ്ങള്‍ ഉലഞ്ഞു, ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു മുംബൈ: വീണ്ടും വാണിജ്യയുദ്ധഭീതി. ചൈനീസ് സാധനങ്ങള്‍ക്ക് ഈ വെള്ളി മുതല്‍ ചുങ്കം കൂട്ടുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അറിയിപ്പാണു കമ്പോളങ്ങളെ ഭീതിയിലാഴ്ത്തിയത്.അമേരിക്കയും ചൈനയും വാണിജ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസങ്ങളായി ചര്‍ച്ച നടത്തിവരികയാണ്. അതിനിടെ ട്രംപിന്റെ നടപടി അപ്രതീക്ഷിതമായി. വാണിജ്യ ചര്‍ച്ചകള്‍ ധാരണയിലെത്തുമെന്ന പ്രതീക്ഷ ഉയര്‍ന്നു വന്ന ഒരു സമയത്താണ് എല്ലാം തകിടം മറിച്ചു കൊണ്ട് ട്രംപ് ട്വീറ്റ് നടത്തിയത്. വാണിജ്യ ചര്‍ച്ചകള്‍ക്കായി ഈയാഴ്ച യുഎസിലേക്കു പോകാനിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹേ യാത്ര റദ്ദാക്കുമെന്ന അഭ്യുഹം ചൈന തള്ളി. ട്രംപിന്റെ പ്രഖ്യാപനം കമ്പോളങ്ങളെ ഉലച്ചു. ചൈനയിലെ പ്രധാന ഓഹരി സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 6.5 ശതമാനം ഇടിഞ്ഞു. ഹോങ്കോംഗിലെ സിംഗ് ബൊഗ് സൂചിക 3.3 ശതമാനം താണു. അമേരിക്കന്‍ ഓഹരികളും താഴോട്ടു പോകുമെന്ന സൂചന നല്കി. ഡൗ ജോണ്‍സ് അവധിവില 1.7 ശതമാനം താണു. ഇന്ത്യയില്‍ സെന്‍സെക്‌സ് 362.92 പോയിന്റ് താണ് 38,600.34 ആയി. നിഫ്റ്റി 114 പോയിന്റ് കുറഞ്ഞ് 11,598.25ലെത്തി. മേയ് പത്തിന് യുഎസ്‌ചൈന വാണിജ്യധാരണ പ്രഖ്യാപിക്കുമെന്നും ഈ മാസം തന്നെ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും കൂടിക്കാഴ്ച നടത്തി കരാര്‍ ഒപ്പുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. പിന്നീട് എന്താണ് അപ്രതീക്ഷിതമായി സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. ട്രംപിന്റെ ട്വീറ്റില്‍ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍