കോവളം, വിഴിഞ്ഞം മേഖലകളിലേക്കും പിങ്ക് പട്രോളിംഗ്

വിഴിഞ്ഞം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച 'പിങ്ക് പോലീസ് പട്രോള്‍' കോവളം വിഴിഞ്ഞം മേഖലകളിലേക്കും. പിങ്ക് പട്രോളിംഗ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഒരു വനിതാ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ഒരു പിങ്ക് പട്രോള്‍ വാഹനത്തില്‍ ഉള്ളത്. ജിപിഎസ്, കാമറ സംവിധാനം തുടങ്ങി അടിയന്തിരഘട്ടങ്ങള്‍ നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഓരോ പിങ്ക് പോലീസ് പട്രോള്‍ വാഹനത്തിലുള്ളത്. സത്രീകള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളിലും, ആപത്ഘട്ടത്തിലും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 1515 എന്ന ട്രോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. സ്ത്രീ സുരക്ഷയുടെ ഭാഗമായി 2016 ഓഗസ്റ്റില്‍ ആരംഭിച്ച പിങ്ക് പോലീസ് സംവിധാനത്തില്‍ സഹായമഭ്യര്‍ഥിച്ച് ലഭിച്ച ഫോണ്‍ കോളുകളില്‍ എഴായിരത്തോളം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. പോക്‌സോ ഉള്‍പ്പെടെയുള്ള 200 ഓളം കേസുകള്‍ പിങ്ക് പോലീസിന്റെ സമയോചിത ഇടപെടല്‍ മൂലം കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആവശ്യപ്രകാരാണ് വിനോദസഞ്ചാര മേഖലയായ കോവളം, വിഴിഞ്ഞം പ്രദേശത്ത് പുതിയ വാഹനം അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍