ഐഎന്‍എസ് സുമിത്രയില്‍ മോദിക്കൊപ്പം അക്ഷയ് കുമാര്‍; തിരിച്ചടിച്ച് കോണ്‍ഗ്രസ്

 ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐഎന്‍എസ് വിരാടിനെ അവധി ആഘോഷത്തിന് ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തില്‍ വീണ്ടും തിരിച്ചടിച്ച് കോണ്‍ഗ്രസ്. നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ മോദിക്കൊപ്പം നടന്‍ അക്ഷയ് കുമാര്‍ കയറി നില്‍ക്കുന്ന പടം ട്വീറ്റ് ചെയ്ത് ഐടി സെല്‍ മേധാവി ദിവ്യ സ്പന്ദനയാണ് വിമര്‍ശനമുന്നയിച്ചത്. നാവികസേനയുടെ കപ്പലിലേക്ക് പ്രധാനമന്ത്രിക്കൊപ്പം ഒരു കനേഡിയന്‍ പൗരനെ ക്ഷണിച്ചത് ശരിയാണോ എന്നു ദിവ്യ ചോദിച്ചു. ഈ വിവാദം ആരും മറന്നിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. അക്ഷയ് കുമാറിനെ കപ്പലില്‍ കയറ്റിയതുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷം മുമ്പ്‌വിവാദമുയര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയുടെ ട്വീറ്റ്.രാജീവ് ഗാന്ധിയും കുടുംബവും യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടില്‍ അവധി ആഘോഷിച്ചു എന്നാണ് കഴിഞ്ഞ ദിവസം മോദി ആരോപിച്ചത്. ഒരു യുദ്ധക്കപ്പലില്‍ കുടുംബത്തോടൊപ്പം ഭരണാധികാരി അവധിയാഘോഷിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. യുദ്ധക്കപ്പലില്‍ അവധിയാഘോഷിച്ചവരുടെ പട്ടികയില്‍ രാജീവ് ഗാന്ധിയുടെ ഇറ്റലിക്കാരായ ഭാര്യവീട്ടുകാരും ഉണ്ടായിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്നതല്ലേ എന്നാണു മോദി ചോദിച്ചത്. അതേസമയം, മോദിയുടെ ആരോപണം ശരിയല്ലെന്ന് മുന്‍ നാവികസേനാ മേധാവി റിട്ട. അഡ്മിറല്‍ എല്‍. രാമദാസ് പറഞ്ഞു. യുദ്ധക്കപ്പലില്‍ ലക്ഷദ്വീപിലേക്ക് രാജീവ്ഗാന്ധി ഔദ്യോഗിക യാത്രയാണു നടത്തിയതെന്ന് അഡ്മിറല്‍(റിട്ട.) രാംദാസ് വ്യക്തമാക്കി. ദ്വീപ് വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കാനാണ് രാജീവ്ഗാന്ധി പോയതെന്നും ഐഎന്‍എസ് വിരാടിലോ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു പാര്‍ട്ടിയും നടന്നിട്ടില്ലെന്നും റിട്ട. അഡ്മിറല്‍ രാംദാസ് പ്രസ്താവനയില്‍ പറഞ്ഞു.കഴിഞ്ഞ മാസം മോദിയുമായുള്ള 'രാഷ്ട്രീയേതര അഭിമുഖ'ത്തിനു പിന്നാലെയാണ് അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വ വിവാദം ഉയര്‍ന്നത്. ദിവസങ്ങള്‍ക്കുശേഷം മുംബൈയില്‍ നടന്ന വോട്ടെടുപ്പില്‍ ഭാര്യ ട്വിങ്കില്‍ ഖന്ന വോട്ട് ചെയ്‌തെങ്കിലും അക്ഷയ് കുമാര്‍ വോട്ട് ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതോടെ തനിക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ടുണ്ടെന്ന് അക്ഷയ് കുമാര്‍ സമ്മതിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍