വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താന്‍ അടുത്തവര്‍ഷം വരെ കാത്തിരിക്കണം

വിഴിഞ്ഞം: കേരളത്തിന്റെ വികസന സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലടുക്കണമെങ്കില്‍ 2020 ഒക്ടോബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതര്‍.കാലാവസ്ഥാ വ്യതിയാനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും നിര്‍മാണത്തെ പ്രതികൂലമായിബാധിച്ചതായാണ് വിലയിരുത്തല്‍ .ഇതോടെ ആയിരം ദിവസത്തിനുള്ളില്‍ ചരക്കുമായി കൂറ്റന്‍ കപ്പല്‍ തീരത്തു നങ്കൂരമിടുമെന്ന് കരുതിയവര്‍ക്ക് ആ മോഹം പൂവണിയാന്‍ ഏകദേശം 1800 ദിവസം വരെകാത്തിരിക്കണം .2015 ഡിസംബര്‍ അഞ്ചിന് തുടക്കം കുറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം മൂന്നര വര്‍ഷം പിന്നിട്ടു കഴിഞ്ഞു.കരിങ്കല്ല് ദൗര്‍ലഭ്യമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചത്. ബര്‍ത്ത് നിര്‍മാണത്തിനാവശ്യമായ പൈലിംഗും കോണ്‍ക്രീറ്റും, വൈദ്യുതിക്കായി സബ് സ്റ്റേഷനും ,ഓഫീസ് കെട്ടിടങ്ങളും പൂര്‍ത്തിയായി. കപ്പലടുപ്പിക്കാനുള്ള ബര്‍ത്ത് പണിയണമെങ്കില്‍ കടല്‍ത്തിരകളെ പ്രതിരോധിക്കാനുള്ള സുരക്ഷാവലയങ്ങള്‍ വേണം. ഇതിനായി കടല്‍മാര്‍ഗം കൂറ്റന്‍ കല്ലുകള്‍ (ആര്‍മര്‍) എത്തിക്കുന്നതിനുള്ള ദൗത്യത്തിന് കാലാവസ്ഥ തുടക്കത്തിലെ തിരിച്ചടിയായി. ഗുജറാത്ത്, കൊല്ലം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ നിന്ന് കപ്പലിലും ബാര്‍ജിലും എത്തിച്ച കൂറ്റന്‍ കല്ലുകള്‍ പൂര്‍ണമായി നിക്ഷേപിക്കാന്‍ കഴിഞ്ഞിട്ടില്ല. മണ്‍സൂണ്‍ അടുത്തതോടെ കടല്‍മാര്‍ഗമുള്ള വരവ് നിര്‍ത്തിവച്ചിരിക്കുകയാണ്.ദിനംപ്രതി പതിനയ്യായിരം ടണ്‍ വേണ്ടിടത്ത് മൂവായിരത്തോളം ടണ്‍ ചെറിയ കല്ലുകള്‍ വരുന്നുണ്ടെങ്കിലും കടലില്‍ നിക്ഷേപിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ നിര്‍മാണമേഖലയില്‍ തന്നെകൂട്ടിയിടുകയാണെന്നും അധികൃതര്‍ അറിയിച്ചു.പുലിമുട്ട് നിര്‍മിക്കാതെ നേരത്തെ പല പ്രാവശ്യം ഡ്രഡ്ജിംഗ് നടത്തി നിര്‍മിച്ച മണല്‍ത്തട്ട് കടല്‍തന്നെ കാര്‍ന്നു കൊണ്ടു പോയിരുന്നു.ഇത് കണക്കിലെടുത്ത് കടല്‍ കുഴിക്കല്‍ കഴിഞ്ഞ മാസം മുതല്‍ നിര്‍ത്തിവച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍