പ്രധാനമന്ത്രിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. അഹമ്മദാബാദിലെ റോഡ് ഷോ, ചിത്രദുര്‍ഗയിലെ വിവാദപ്രസംഗം എന്നിവയ്‌ക്കെതിരെയുള്ള പരാതികളിലാണ് മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് നല്‍കിയത്. അഹമ്മദാബാദില്‍ ഏപ്രില്‍ 23 ന് നടത്തിയ റോഡ് ഷോ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മോദി തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്താണ് സഞ്ചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു പ്രതിപക്ഷ പരാതി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഏപ്രില്‍ ഒമ്പതിനു നടത്തിയ പ്രസ്താവനയും ചട്ടലംഘനമല്ലെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ബാലകോട്ട് വ്യോമാക്രമണത്തിന്റെ വീരന്‍മാര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് മോദി ചിത്രദുര്‍ഗയിലെ പുതിയ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. ഒന്‍പതാം തവണയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നത്. പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ആരോപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍