ദേശീയപാത: നടപടി കേന്ദ്രം തിരുത്തണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ദേശീയപാതാ അഥോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് കേരളത്തിലെ ദേശീയപാതാ വികസനം'ഹൈ ഒന്ന്' വിഭാഗത്തില്‍നിന്ന് 'ഹൈ രണ്ട് ' വിഭാഗത്തിലേക്ക് തരം താഴ്ത്തിയിരുന്നു. 
പിന്നീട് ദേശീയപാത അഥോറിറ്റി മറ്റൊരു വിജ്ഞാപനം ഇറക്കിയെങ്കിലും ആദ്യ വിജ്ഞാപനം പിന്‍വലിച്ചിട്ടില്ല.'ഹൈ രണ്ട്' വിഭാഗത്തില്‍ വരുന്ന പദ്ധതികള്‍ക്ക് വീണ്ടും അംഗീകാരം തേടണമെന്ന നിര്‍ദേശമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ദേശീയപാത വികസനം പൂര്‍ത്തിയാക്കന്‍ കേരളം നീണ്ടകാലം കാത്തിരിക്കേണ്ടിവരുമെന്ന വ്യക്തമായ സൂചനയാണ് പുതിയ വിജ്ഞാപനവും നല്‍കുന്നത്. ആദ്യവിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തുമെന്ന പ്രതീക്ഷ മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് ഉണ്ടായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനം കേരള ജനതയെ കടുത്ത നിരാശയിലാക്കിയിരിക്കയാണ്. കേരളത്തിലെ എന്‍എച്ച് 66 ന്റെ വികസനത്തിന് കേന്ദ്രത്തിന്റെ ഭാരത്മാല പദ്ധതിയില്‍ പെടുത്തി ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്. എന്‍എച്ച് 66ല്‍ വരുന്ന എല്ലാ പ്രവൃത്തികളുടെയും വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയാറാക്കല്‍ 2016ല്‍ ആരംഭിച്ചിരുന്നു. ഈ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. സ്ഥലമെടുപ്പിനുള്ള 3എ വിജ്ഞാപനം 90 ശതമാനത്തിലേറെയായി. 3ഡി വിജ്ഞാപനം 68 ശതമാനത്തിലധികം പൂര്‍ത്തിയായി. ഈ ഘട്ടത്തില്‍ സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കുന്നത് കേരള ജനതയുടെ പ്രതീക്ഷകള്‍ തകിടം മറിക്കും. വികസനം കണക്കിലെടുത്ത് സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിച്ച ഒരുപാട് പേരുടെ സാമൂഹികസാമ്പത്തിക ജീവിതം തന്നെ തകരാറിലാക്കുന്നതാണ് ദേശീയപാത അഥോറിറ്റിയുടെ നടപടിയെന്നും കത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍