ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി, മുന്നറിയിപ്പുമായി മോദിയുടെ വിശ്വസ്തന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിന്‍ റോയ് രംഗത്ത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഥിന്‍ റോയിയുടെ കണ്ടെത്തല്‍. ഇന്ത്യ ഭാവിയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിന്‍ റോയ് പറയുന്നു. സാമ്പത്തിക വിദഗ്ദന്‍ കൂടിയായ രഥിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടര്‍ കൂടിയാണ്. ഇന്ത്യയുടെ സാമ്പദ്‌വ്യവസ്ഥ ഘടനാപരമായ തളര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരമാവധിയിലെത്തി നില്‍ക്കുകയാണെന്ന് രഥിന്‍ റോയ് പറയുന്നു. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ലെന്നും രഥിന്‍ റോയ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയാകാതെ ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാധ്യതയെന്നും രഥിന്‍ റോയ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ സാമ്പത്തിക വിദഗ്ദര്‍ മിഡില്‍ ഇന്‍കം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.നിലവിലെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്രത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്നെങ്കിലുമൊരിക്കല്‍ ഈ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് പറയുന്നു. ലോകത്തില്‍ എത്രയും പെട്ടെന്ന് വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണ്. എന്നാല്‍ ചൈന ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യ ആ സ്ഥാനത്ത് എത്തിയത്. 6.1 മുതല്‍ 6.6 ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളര്‍ച്ചാ നിരക്ക് തന്നെയാണ്. എന്നാല്‍ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളര്‍ച്ച ഭീഷണിയാണ്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് അഞ്ചുമുതല്‍ ആറു ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്നോട്ടുപോയേക്കാം. എന്നാല്‍ അവസാനം അതും നിലയ്ക്കുമെന്നും രഥിന്‍ റോയ് വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍