കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റില്‍ യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കും: എ.എം.ആരിഫ്

കൊല്ലം: ബാഷയിലെ രജനീകാന്തിനെപ്പോലെ ഒറ്റയ്ക്ക് നില്‍ക്കാനാകില്ലെന്നും കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റില്‍ യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ആലപ്പുഴയിലെ നിയുക്ത എം.പി എ.എം.ആരിഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം പാസാക്കുമെന്ന യു.ഡി.എഫ് വാദം ആവേശം പറച്ചിലാണ്. പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ പോലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മറികടക്കുന്നതാണെങ്കില്‍ സുപ്രീംകോടതി റദ്ദ് ചെയ്യും.സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നിയമനിര്‍മ്മാണത്തിന് സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമില്ല.പാര്‍ലമെന്റില്‍ അഭിപ്രായ ഭിന്നതയില്ലാതെ സംസ്ഥാനത്തിനായി യോജിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചോയെന്ന് സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തണം. വിശ്വാസികളെ വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, അവരെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ശബരിമലയില്‍ പോയ ആളാണ് താന്‍. വിശ്വാസികള്‍ കൂട്ടത്തോടെ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. എന്‍.എന്‍.എസ് മേഖലകളില്‍ ഭൂരിപക്ഷം ലഭിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് യു.ഡി.എഫ് വിജയത്തിന് കാരണമെന്ന നിഗമനം ശരിയല്ല. മോദിയെ ഭയക്കുന്ന മതേതര വിശ്വാസികളും യു.ഡി.എഫിന് വോട്ട് ചെയ്തു. എല്‍.ഡി.എഫിന്റെ പരാജയം താല്‍ക്കാലികവും ആപേക്ഷികവുമാണ്. എതിരാളികള്‍ നടത്തിയ കേന്ദ്രീകൃത പ്രചാരണമാണ് അരൂരില്‍ വോട്ട് കുറയാന്‍ കാരണം. എന്‍.ഡി.എയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ആലപ്പുഴയില്‍ വോട്ട് വര്‍ദ്ധിച്ചുവെന്നും ആരിഫ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍