തെര.കമ്മീഷനെതിരെ കേജരിവാള്‍

 ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തെരഞ്ഞെ ടുപ്പു പ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവു ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. കമ്മീഷന്‍ പക്ഷപാതപ രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേജരിവാള്‍ ആരോപിച്ചു. ബംഗാളില്‍ പ്രധാനമന്ത്രിയുടെ റാലിക്കു തൊട്ടുപിന്നാലെ രാത്രി 10 ന് തന്നെ എന്തിനുവേണ്ടിയാണ് പ്രചാരണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബിലെ മോഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേജരിവാള്‍. കമ്മീഷന്റെ നിലപാടിനെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിട്ടില്ല. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ച കേജരിവാള്‍ മോദിയെ ബംഗാളിലെ ജനം പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. കമ്മീഷന്റെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. കമ്മീഷന്റെ നടപടി ഭരണഘടനയോടു കാണിക്കുന്ന ക്ഷമിക്കാനാവാത്ത വഞ്ചനയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍, മമതാ ബാനര്‍ജിക്കെതിരായ ബിജെപി നീക്കം തീക്കളിയാണെന്ന വിമര്‍ശന വുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ കോല്‍ക്കത്തയില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്. ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു കമ്മീഷന്റെ നടപടി. എന്നാല്‍, ബിജെപിക്കും നരേന്ദ്ര മോദിക്കും വേണ്ടിയുള്ള അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണു കമ്മീഷന്റേതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.നരേന്ദ്ര മോദി വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പു റാലികള്‍ക്കു വേണ്ടിയാണ് കമ്മീഷന്‍ രാത്രി പത്ത് വരെ സമയം നല്‍കിയതെന്നും ആക്രമണത്തില്‍ ബി ജെപിക്കു പങ്കുണ്ടായിട്ടും അവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍