തീപിടിത്തം: നിര്‍ദേശങ്ങളുമായി പോലീസ്

കൊച്ചി: ബ്രോഡ് വേയില്‍ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി മൂന്നു കടകള്‍ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു കര്‍ശന നിര്‍ദേശങ്ങളുമായി കൊച്ചി സിറ്റി പോലീസ്. കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നഗരത്തിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്താണു നിര്‍ദേശം നല്‍കിയത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ കമ്മീഷണര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിംഗും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചു. പരിശോധനയില്‍ അപാകത കണ്ടെത്തിയാല്‍ പരിഹരിച്ചു സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. എല്ലാ സ്ഥാപനങ്ങളിലും ഫയര്‍ അലാറം സംവിധാനങ്ങള്‍ സ്ഥാപിക്കുകയും തീപിടിത്തം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും വേണം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ സേവനം ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താമെന്നു കമ്മീഷണര്‍ പറഞ്ഞു. കെട്ടിടങ്ങളുടെ മേല്‍നിലയും ടെറസുകളും അടച്ചുകെട്ടി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഈവിധം ചെയ്യുന്ന കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ച് അകത്തേക്കു വെള്ളം പന്പ് ചെയ്യാനാവില്ല. സ്റ്റെയര്‍ കേസുകള്‍ ഗോഡൗണ്‍ ആക്കുന്നത് ഒഴിവാക്കിയില്ലേല്‍ മുകള്‍നിലയില്‍ കുടുങ്ങുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കാനും ബുദ്ധിമുട്ടാകും.ഹൗസ് കീപ്പിംഗ് ജീവനക്കാരെ നിയോഗിച്ചു സ്ഥാപനത്തിന് അകത്തും പരിസരങ്ങളിലും തീപിടിത്തം ഉണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നീക്കണം. അഗ്‌നിരക്ഷാ സേനയ്ക്കു വെള്ളം നിറയ്ക്കുന്നതിന് ആവശ്യമായ സ്രോതസും സ്ഥാപന ഉടമകള്‍ കണ്ടെത്തണം. ഫയര്‍ എന്‍ജിനുകളുടെ സുഗമമായ സഞ്ചാരത്തിന് സ്ഥാപനങ്ങളുടെ മുന്‍വശവും ഫുട്പാത്തും ഒഴിച്ചിടണം. ഉപഭോക്താക്കളുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം അതത് സ്ഥാപനങ്ങള്‍തന്നെ ക്രമീകരിക്കേണ്ടതാണെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കി. ജില്ലാ ഫയര്‍ ഓഫീസര്‍ എ.എസ്. ജോജി, സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി. സുരേഷ് കുമാര്‍ എന്നിവരും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. നിര്‍ദേശങ്ങളോട് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അനുകൂലമായി പ്രതികരിച്ചെന്നും പോലീസ് നടപടികള്‍ക്ക് പിന്തുണ അറിയിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. ബ്രോഡ് വേയിലെ തീപിടിത്തം സംബന്ധിച്ചു പ്രാഥമിക റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് കളക്ടര്‍ക്കു കൈമാറി. ഗാന്ധിനഗര്‍ ഫയര്‍‌സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ എ. ഉണ്ണികൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വൈദ്യുതി തകരാറാണു തീപിടിത്തത്തിനു കാരണമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍