തെരഞ്ഞെടുപ്പിന് ശേഷം നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്: കെ.സി വേണുഗോപാല്‍

കാലബുരാഗി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കര്‍ണാടകയിലെ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ലെന്നും സ്വാഭാവികമായി എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കഴിഞ്ഞ ഒരുവര്‍ഷമായി കര്‍ണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ജെ.ഡി.എസും കോണ്‍ഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട് പോകുന്നു. ഞങ്ങള്‍ ഒരു വര്‍ഷമായി ഇവിടെ ഭരിക്കുന്നു. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകായണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യ 13 ബി.ജെ.പി എം.എല്‍.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏപ്രില്‍ 18 മുതല്‍ 23വരെയാണ് കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. 224 അംഗങ്ങളുള്ള നിയമസഭയില്‍ ജെ.ഡി.എസിന് 37 എം.എല്‍.എമാരും കോണ്‍ഗ്രസിന് 80 എം.എല്‍.എമാരുമാണ് ഉള്ളത്. ചില സ്വതന്ത്രരുടെ പിന്തുണയോടെ 113 എം.എല്‍.എമാരുമായാണ് കോണ്‍ഗ്രസ്‌ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍