സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഡിഗ്രി, പിജി ക്ലാസുകള്‍ ഒരുമിച്ച് ആരംഭിക്കും

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ഒരുമിച്ച് ആരംഭിക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്കി. ജൂണ്‍ 24 ന് ബിരുദ ക്ലാസുകളും ജൂണ്‍ 17 ന് ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിക്കണമെന്നാണു നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലയിലേയും പരീക്ഷാ കലണ്ടര്‍ ഉള്‍പ്പെടെയുള്ളവ ഏകീകരിക്കുന്നതിനു മുന്നോടിയായാണു പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ഒരേദിവസം തന്നെ ക്ലാസുകള്‍ ആരംഭിക്കാനുള്ള തീരുമാനം. മുന്‍വര്‍ഷങ്ങളില്‍ ബിരുദ പ്രവേശന നടപടികള്‍ ഓഗസ്റ്റ് വരെ നീണ്ടു പോയിരുന്നു. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് അധ്യയന ദിവസം ഏറെ നഷ്ടമായി. അധ്യയന നഷ്ടം ഒഴിവാക്കാനാണ് ജൂണില്‍ തന്നെ അധ്യയനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടത്. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാനാണു തീരുമാനം. ഡിഗ്രി ക്ലാസുകള്‍ ജൂണ്‍ 24 നും പിജി ക്ലാസുകള്‍ 17 നും ആരംഭിക്കുന്നതോടെ അധ്യയന വര്‍ഷത്തിന്റെ ആദ്യ മാസം തന്നെ സംസ്ഥാനത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ സര്‍വകലാശാലകളിലേയ്ക്കും കേന്ദ്രീകൃത പ്രവേശന നടപടികളെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അടുത്ത അധ്യയന വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍