ഫുജൈറ തീരത്ത് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവം: യു.എ.ഇ അന്വേഷണം തുടങ്ങി

അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടക്കുകയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു ഫുജൈറ തീരത്ത് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യു.എ.ഇ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടക്കുകയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫുജൈറ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് സൗദി എണ്ണകപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പശ്ചിമേഷ്യയില്‍ അസ്വസ്ഥത പടര്‍ത്തിയ സംഭവത്തെ കുറിച്ച് പഴുതടച്ച അന്വേഷണത്തിനാണ് യു.എ.ഇ ഉത്തവിട്ടത്. അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ നടക്കുന്ന അന്വേഷണം, അട്ടിമറി നീക്കത്തിന് പിന്നിലെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ലോകരാജ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ യു.എ.ഇക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണം ശക്തമാവുന്നുണ്ട്. ആക്രമണത്തിന്റെ സമയവും സന്ദര്‍ഭവും ലക്ഷണങ്ങളും ഇതിന് പിന്നില്‍ ഇറാന്‍ ആണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഈജിപ്ത് ആസ്ഥാനമായ അല്‍അഹ്‌റം സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ വിദഗ്ധന്‍ അബ്ബാസ് നജിയെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍