രാഹുലിന്റെ വിദേശ പൗരത്വം, കേസ് സുപ്രീം കോടതി തള്ളി

 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന് കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ് പൗരന്‍ എന്നെഴുതി വെച്ചാല്‍ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.ഇപ്പോള്‍ ഈ ഹര്‍ജിയുടെ ആവശ്യമെന്താണ് എന്ന് ചോദിച്ച കോടതി ഏതെങ്കിലും കടലാസില്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിയതുകൊണ്ട് ബ്രിട്ടീഷുകാരനാകുമോ എന്നും ചോദിച്ചു. ആരാണ് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കാത്തത് 130 കോടി ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും അത് നല്ലതാണെന്നും കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മെയ് ഒന്നിന് ആഭ്യന്തരമന്ത്രാലയം രാഹുല്‍ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമാണ് പരാതിക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍