കോണ്‍ഗ്രസ് അധ്യക്ഷപദവി : രാഹുലിനെ അനുനയിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നതില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാന്‍ പലവഴി തേടി കോണ്‍ഗ്രസ്. രാജി അനിശ്ചിതത്വത്തിന്റെ നാലാം ദിവസമായ ഇന്നലെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ രാഹുല്‍ വിസമ്മതിച്ചു. അതേസമയം രാഹുലിനോടു പ്രസിഡന്റുസ്ഥാനത്തു തുടരണം എന്നഭ്യര്‍ഥിച്ചിട്ടുണ്ടെന്നു ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞു.തുഗ്ലക് ലെയിനിലെ രാഹുലിന്റെ വസതിക്കു മുന്നില്‍ ഡല്‍ഹി കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍, രാജിതീരുമാനത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു നിരാഹാരമിരുന്നു. വൈകുന്നേരം നാലരയോടെ രാഹുലിന്റെ വസതിക്കു മുന്നില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇവരുടെ ഇടയിലേക്ക് ഷീല ദീക്ഷിതും എത്തി. അതിനിടെ, ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ രാഹുലിന്റെ വസതിയിലേക്കെത്തിയ പ്രിയങ്ക പത്തു മിനിറ്റിനകം മടങ്ങി. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആറുമാസത്തെ സമയം ആവശ്യപ്പെട്ട നേതാക്കളോടു പരമാവധി ഒരു മാസത്തെ സമയം അനുവദിക്കാമെന്നും അതുവരെ ആ പദവിയില്‍ ഇരിക്കാമെന്നും രാഹുല്‍ പറഞ്ഞതായിട്ടാണു സൂചന. തന്റെ വസതിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കാന്‍ രാഹുല്‍ തയാറായിരുന്നില്ല. നേതാക്കളെ കാണാന്‍ രാഹുല്‍ പ്രിയങ്കയെ ചുമതലപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും പരിഗണിക്കരുതെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. രാഹുലിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കേണ്ടെന്ന നിലപാടിലാണ് സോണിയ ഗാന്ധി. പുതിയ നേതാവ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസില്‍ പുകയുന്നത്. നേതൃത്വം നല്‍കാന്‍ മികച്ച നേതാക്കളില്ലെന്ന ആരോപണം ഉന്നയിച്ച് പ്രമുഖ നേതാക്കളില്‍ പലരും ബിജെപിയിലേക്കു ചേക്കേറുന്നതും വലിയ പ്രതിസന്ധിയാണു കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും നിലപാടുകളുമാണു തോല്‍വിക്കു കാരണമെന്നു പരസ്യമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും നേരിട്ടു സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍