ഗോഡ്‌സെ പരാമര്‍ശം: അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഗോഡ്‌സെ പരാമര്‍ശത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും വിവാദ പ്രസ്താവനയുമായി മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍. ഗോഡ്‌സെ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലാകുമെന്ന ഭയമൊന്നും തനിക്കില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. 'എന്നെ അവര്‍ അറസ്റ്റ് ചെയ്യട്ടെ. പക്ഷേ, അങ്ങനെ അറസ്റ്റ് ചെയ്താല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും' കമല്‍ഹാസന്‍ പറഞ്ഞു.ഇത് മുന്നറിയിപ്പൊന്നുമല്ലെന്നും ഉപദേശമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ തനിക്കു നേരെ ചീമുട്ടയേറുണ്ടായതിനെയും കമല്‍ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയത്തിന്റെ നിലവാരത്തകര്‍ച്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളൊന്നും തന്നെ ഭയപ്പെടുത്തില്ല. എല്ലാ മതങ്ങളിലും തീവ്രസ്വഭാവമുള്ളവരുണ്ട്. അവരില്‍ ചിലര്‍ അതിതീവ്ര മനോഭാവമുള്ളവരാണ്. പുണ്യാവാന്മാരാണെന്ന് ആര്‍ക്കും പറയാനാകില്ല കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, അറവാകുറിച്ചിയില്‍ ആക്രമണം നടത്തിയവരെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രചാരണം നിര്‍ത്തിവയ്ക്കാനും കമല്‍ഹാസനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെയാണെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവനയാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍