റംസാന്‍; പുണ്യമാസം

 കോഴിക്കോട്: പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം റംസാന്‍ മാസം.വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിന് അവതീര്‍ണ്ണമായ മാസം എന്ന നിലയ്ക്കാണ് റംസാന്‍ ഏറെ പവിത്രമാകുന്നത്.എല്ലാ തിന്മകളെയും കഴുകികളയാനും നന്മയുടെ പുതുവെളിച്ചത്തിന് തിരികൊളുത്താനും റംസാനിലെ ആരാധനകര്‍മ്മങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഇസ്ലാം വിശ്വാസം.അതുകെണ്ടുതന്നെ ഈ പുണ്യമാസം വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിനും സക്കാത്ത് നല്‍കുന്നതിനും ദാനധര്‍നമ്മങ്ങള്‍ക്കുമായി കൂടുതല്‍ സമയം വിനിയോഗിക്കുന്നു. വിശുദ്ധിയും ദൈവഭക്തിയും അച്ചടക്കവും സഹജീവിസ്‌നേഹവും പരോപകാരപ്രിയവുമുള്ള ഒരു വിശ്വാസി സമൂഹത്തെ രൂപപ്പെടുത്തുവാനുമുള്ള പരിശീലന കാലം കൂടിയാണ് റംസാന്‍.ആയിരം മാസത്തെക്കാള്‍ പവിത്രമാക്കപ്പെട്ട ഒരു രാവ് റംസാന്‍ മാസത്തിലുഉളതായി ഖുര്‍ആന്‍ പറയുന്നുണ്ട്.ഈ രാവിലാണ് വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിരിക്കുന്നത്.ഒരു വര്‍ഷത്തെക്കുളള മനുഷ്യന്റെ ഭാഗധേയം നിശ്ചയിക്കുന്നതും ഈ രാവിലാണ് എന്നാണ് വിശ്വാസം. ഓരോ മതത്തിനും അവരുടെതായ വിശ്വാസങ്ങളും ആചാരനുഷ്ഠാനങ്ങളും ഉപവാസ രീതികളും ഉണ്ട്. അത്തരത്തില്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഉപവാസ രൂപമാണ് നോമ്പ്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതികഗുണങ്ങളില്‍ ഏറ്റവും പ്രധാനം.നോമ്പ് എടുക്കുന്നതിന്റെ തലേ അര്‍ദ്ധരാത്രി മുതല്‍ സൂര്യോദയത്തിനു മുമ്പ് കഴിക്കുന്ന ഭക്ഷണമാണ് അത്താഴം എന്ന് പറയുന്നത്. അത്താഴം വളരെ പ്രധാനമാണ്.സന്ധ്യാ നമസ്‌കാരത്തിന്റെ സമയമറിയുന്ന ബാങ്ക് കേട്ടാല്‍ വെള്ളമോ എന്തെങ്കിലും ഭക്ഷണമോ കഴിച്ച് നോമ്പ് അവസാനിപ്പിക്കുന്നതിനെ നോമ്പ് തുറ അഥവാ ഇഫതാര്‍ എന്ന് പറയുന്നു.നോമ്പ് തുറയില്‍ എന്നും മുമ്പന്തിയിലാണ് ഈന്തപഴത്തിന്റ സ്ഥാനം. ഇത് കൂടാതെ ചട്ടിപ്പത്തിരി,സമൂസ,ഉന്നക്കായ,പഴംനിറച്ചത്,മുട്ടമാല തുടങ്ങിയവയും ഒഴിച്ചുകുടാനാവാത്തവയാണ്.നോമ്പ് കാലത്ത് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ സൗഹ്യദത്തിന്റെ വലിയ പാഠങ്ങളാണ് നല്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍