സൈബര്‍സെല്‍ പോലീസ് ചമഞ്ഞ് പത്തുലക്ഷം രൂപ തട്ടിയ കേസ് : മുഖ്യപ്രതി അറസ്റ്റില്‍

പാലോട് : സൈബര്‍ സെല്‍ പോലീസ് ചമഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പാലോട് സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ മടത്തറ ഇലവു പാലം തേരിയില്‍ അബുല്‍ഷിബു (44) ആണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും പിടിയിലായത്. പ്രതി ഇന്റര്‍നെറ്റ് കോള്‍ മുഖാന്തരം സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഒന്നര വര്‍ഷം മുമ്പാണ് തട്ടിപ്പ് നടത്തിയത്. വീട്ടമ്മയുടേയും മക്കളുടേയും കുടുംബ കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ച് വിശ്വസിപ്പിച്ചശേഷം ചില ഫോട്ടോകളും വീഡിയോകളും സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനുവേണ്ടി അതേ രീതിയിലുള്ള ദൃശ്യങ്ങള്‍ വേണം എന്ന് ധരിപ്പിച്ച് വീട്ടമ്മയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയശേഷം സര്‍ക്കാരില്‍ പത്ത് ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും പറഞ്ഞ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രണ്ടു തവണയായി പത്തുലക്ഷം രൂപ തട്ടിയെടുക്കുകയും വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ യുവതി പാലോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദേശത്ത് കഴിഞ്ഞു വന്നിരുന്ന പ്രതിയുടെ നാട്ടിലുള്ള കൂട്ടുപ്രതികള്‍ ചേര്‍ന്ന് പണം തട്ടുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി അബുല്‍ഷിബുവിന്റെ ഭാര്യയുമായ മദീനയേയും മൂന്നും നാലും പ്രതികളായ ഷാന്‍, മുഹമ്മദ് ഷാഫി എന്നിവരെ എട്ടു മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുപ്പതിനായിരത്തോളം മെബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് ഹൈടെക്ക് സെല്‍ മുഖാന്തരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടാക്കിയത്. മുഖ്യപ്രതി അബുല്‍ഷിബു വിദേശത്തായതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും ഗള്‍ഫ് എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍