ചട്ടം ലംഘിച്ചിട്ടില്ല,തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം പിടിക്കരുത്:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം പിടിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ മറുപടി നല്‍കിക്കൊണ്ടുള്ള കത്തിലാണ് രാഹുലിന്റെ പരാമര്‍ശം. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുക മാത്രമാണു ചെയ്തതെന്നും രാഹുല്‍ വിശദീകരണത്തില്‍ പറഞ്ഞു.ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനു നോട്ടീസ് അയച്ചത്. ഏപ്രില്‍ 23ന് മധ്യപ്രദേശിലെ റാലിയിലാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഇതിനെതിരേ ബിജെപി പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതിലാണ് രാഹുല്‍ മറുപടി നല്‍കിയത്. 11 പേജുള്ള വിശദീകരണമാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയത്. ലളിതമായ ഭാഷയില്‍ ഇന്ത്യന്‍ വന നിയമത്തിലെ ഭേദഗതി സംബന്ധിച്ചു വിവരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രസംഗത്തിന്റെയും വനനിയമത്തിന്റെയും രേഖകളും രാഹുല്‍ കമ്മീഷനു സമര്‍പ്പിച്ചു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ തന്നെ പ്രചാരണത്തില്‍നിന്ന് ഒഴിവാക്കുന്നതിനായാണ് ബിജെപി പരാതി നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു.ബിജെപി നേതാക്കള്‍ നടത്തിയ ചട്ടലംഘനങ്ങളുടെ പട്ടികയും രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ നിരത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളുടെ പട്ടികയാണ് രാഹുല്‍ കമ്മീഷനു കൈമാറിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍