ഇറാനെ വിറപ്പിക്കാന്‍ തയ്യാറായി യു.എസ്, വിമാനവാഹിനി കപ്പലും ബോംബര്‍ ടാസ്‌ക് ഫോഴ്‌സും മദ്ധ്യേഷ്യന്‍ ഭാഗത്ത് വിന്യസിച്ചു

വാഷിംഗ്ടണ്‍: ഇറാനെ വിറപ്പിക്കാന്‍ അമേരിക്ക വിമാനവാഹിനി കപ്പലും ബോംബര്‍ ടാസ്‌ക് ഫോഴ്‌സും മദ്ധ്യേഷ്യന്‍ ഭാഗത്ത് വിന്യസിച്ചതായി റിപ്പോര്‍ട്ട്. മേഖലയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇറാന്‍ നാവികസേനയുടെ പ്രകോപനങ്ങള്‍ക്ക് മറുപടിയായിട്ടാണ് പുതിയ നീക്കമെന്ന് വൈറ്റ് ഹൗസ് പ്രതിനിധികള്‍ അറിയിച്ചു. എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും ബോംബര്‍ ടാസ്‌ക് ഫോഴ്‌സുമാണ് അമേരിക്ക അയച്ചിട്ടുള്ളത്. അമേരിക്കയ്‌ക്കോ സഖ്യരാഷ്ട്രങ്ങള്‍ക്കോ നേരെയുള്ള ഏതൊരു ആക്രമണത്തെയും തങ്ങള്‍ അനുകമ്പയില്ലാതെ നേരിടും എന്നുള്ള വ്യക്തമായ സന്ദേശമാണ് കപ്പലും സേനയും അയയ്ക്കുന്നതിലൂടെ ഇറാന് നല്‍കുന്നതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ അറിയിച്ചു. ''ഞങ്ങള്‍ ഇറാനുമായി യുദ്ധമല്ല ആഗ്രഹിക്കുന്നത്. എന്നാല്‍ ഏതുതരത്തിലുള്ള ആക്രമണത്തെയും ചെറുക്കാന്‍ സജ്ജരുമാണ്. അത് നിഴല്‍യുദ്ധങ്ങളോ, തീവ്ര ഇസ്ലാമികസംഘടനകളോ, ഇറാന്‍ സേനയോ എന്തുതന്നെ ആയാലും.' ബോള്‍ട്ടന്‍ വ്യക്തമാക്കി. അതേസമയം, ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ ഉദാഹരണമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അടുത്തകാലത്തായി അമേരിക്കയില്‍നിന്ന് ഇറാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് നേരിടുന്നത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2015ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറില്‍നിന്ന് ട്രംപ് പിന്മാറിയിരുന്നു. ഇറാനുമേലുള്ള ഉപരോധങ്ങളും അമേരിക്ക പുനഃസ്ഥാപിച്ചിരുന്നു.യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയ ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍നിന്ന് പിന്മാറണമെന്ന് ഇന്ത്യ, ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്മാറിയില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ക്കുമേലും ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. അമേരിക്കയുടെ വിരോധം കാരണം, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന്‍ അനുഭവിക്കുന്നത്. ഇറാന്‍ സേനയുടെ ഒരുവിഭാഗത്തെ ഭീകരസംഘടനയായും അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മറ്റൊരു രാജ്യത്തിന്റെ സേനയെ ആദ്യമായാണ് ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിക്കുന്നത്. അമേരിക്കന്‍ നാവികസേനയുടെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനികപ്പലുകളിലൊന്നാണ് എബ്രഹാം ലിങ്കണ്‍. (ആണവോര്‍ജം ഉപയോഗിക്കുന്ന 10 വിമാനവാഹിനികളുടെ ശൃംഖലയാണ് നിമിറ്റ്‌സ് ക്ലാസ് ). വിര്‍ജീനിയയിലെ നോര്‍ഫോക്ക് ആണ് ഇവയുടെ ഹോംപോര്‍ട്ട്. അറ്റ്‌ലാന്റിക് കപ്പല്‍പ്പടയിലെ അംഗമാണ് എബ്രഹാം ലിങ്കണ്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍