കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്പിലേക്ക്

കൊച്ചി: കൂടുതല്‍ പ്രവാസികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി യൂറോപ്പ്യന്‍ രാജ്യങ്ങളിലും ലഭ്യമാക്കുന്നു. മേയ് 17ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ടി.എം. തോമസ് ഐസക്, കെ.എസ്.എഫ്.ഇയുടെയും കിഫ്ബിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസി ചിട്ടിയെ പരിചയപ്പെടുത്താനായി 18നും 19നും മലയാളി സഹൃദകൂട്ടായ്മകളും ലണ്ടനില്‍ സംഘടിപ്പിക്കും. 2018 നവംബര്‍ 23ന് ലേലം ആരംഭിച്ച കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി അഞ്ചുമാസം കൊണ്ട് 7.32 കോടി രൂപയുടെ ചിട്ടി ബിസിനസ് കൈവരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ യു.എ.ഇയിലെ പ്രവാസികള്‍ക്കായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരം. ഈവര്‍ഷം ഏപ്രിലില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. യൂറോപ്പിലുള്ളവര്‍ക്ക് രജിസ്‌ട്രേഷനും ചിട്ടിയില്‍ ചേരുന്നതും ഒരുമിച്ച് സാധ്യമാകും. 10 ലക്ഷം രൂപയ്ക്കുമേല്‍ സലയുള്ള ചിട്ടികളും തുറക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 30 മാസത്തെ, 15 ലക്ഷം രൂപയുടെയും 25 മാസത്തെ 25 ലക്ഷം രൂപയുടെയും ചിട്ടികളാണ് ആരംഭിക്കുന്നത്. ഇപ്പോള്‍ 10 ലക്ഷം രൂപവരെ സലയുള്ള ചിട്ടികള്‍ക്ക് മാത്രമാണ് ഇന്‍ഷ്വറന്‍സുണ്ടാവുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍