വാന്‍ പേഴ്‌സി ഫുട്‌ബോള്‍ മതിയാക്കി

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ് ഫുട്‌ബോളിലെ ടോപ് സ്‌കോറര്‍ റോബിന്‍ വാന്‍ പേഴ്‌സി 18 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് ക്ലബ് ഫെയനൂര്‍ദിനായി കളിക്കുന്ന താരം ലീഗില്‍ എഡിഒ ഡെന്‍ ഹാഗിനെതിരേയുള്ള മത്സരത്തോടെയാണ് ഫുട്‌ബോള്‍ കളത്തില്‍നിന്നു വിടപറഞ്ഞത്. ഫുട്‌ബോളിനെ അഭിനിവേശത്തോടെ കാണുന്ന തനിക്ക് അതില്‍നിന്ന് അന്തസോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്ന് മത്സരത്തിനു മുമ്പ് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വാന്‍ പേഴ്‌സി പറഞ്ഞു. അഭിമാനത്തോടെ ഫുട്‌ബോളില്‍നിന്നു വിരമിക്കാന്‍ ആഗ്രഹിച്ച താരത്തിന് അതിനു ചേരുന്ന ഒരു യാത്രയയപ്പ് നല്‍കാന്‍ ക്ലബ്ബിനായില്ല. വാന്‍ പേഴ്‌സിയുടെ അവസാന മത്സരത്തില്‍ ഫെയനൂര്‍ദ് 2-0ന് തോറ്റു. തോല്‍വിയേല്‍പ്പിച്ച വേദനയിലും അഭിമാനത്തോടെതന്നെയാണ് താരം വിടപറയുന്നത്. ഈ ലീഗ് സീസണില്‍ 35 വയസുള്ള വാന്‍ പേഴ്‌സി 16 ഗോള്‍ നേടി. വാന്‍ പേഴ്‌സിയുടെ യൂത്ത് കരിയര്‍ ആരംഭിച്ച ക്ലബ്ബുകളിലൊന്നാണ് ഫെയനൂര്‍ദ്. സീനിയര്‍ കരിയറും ഇവിടെയായിരുന്നു. അതിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളിലേക്കു കൂടുമാറി. ആഴ്‌സണലില്‍ 2004 മുതല്‍ 2012 സീസണില്‍ കളിച്ചു. ആഴ്‌സണലിനൊപ്പം എഫ്എ കപ്പ് നേടി. 2012ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റില്‍ ചേര്‍ന്ന വാന്‍ പേഴ്‌സി ക്ലബ്ബിനെ 2012-13 സീസണില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കുന്നതിനും വലിയ പങ്ക് വഹിച്ചു. 2015ല്‍ യുണൈറ്റഡ് വിട്ട താരം തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം മുന്‍ ക്ലബ് ഫെയനൂര്‍ദില്‍ തിരിച്ചെത്തി. ക്ലബ്ബിലെത്തിയ താരം ഈ ലീഗ് സീസണോടെ വിരമിക്കുമെന്ന് ഒരു വര്‍ഷം മുമ്പേ പ്രഖ്യാപിക്കുകയും ചെയ്തു. 201718ലെ കെഎന്‍ബിവി കപ്പ് വാന്‍ പേഴ്‌സിയുടെ മികവില്‍ ക്ലബ് നേടി. ദേശീയ കുപ്പായത്തില്‍ 102 കളിയില്‍ 50 ഗോള്‍ നേടിയ താരം നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററാണ്. പരിശീലകനാകാന്‍ താത്പര്യമില്ലെന്നും അത് കൂടുതല്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന കാര്യമാണെന്നും 35 വയസുള്ള വാന്‍പേഴ്‌സി പറഞ്ഞു. പരിശീലകനെന്ന നിലയില്‍ മാര്‍കോ വാന്‍ ബാസ്റ്റിനു സംഭവിച്ചതിലേക്കു നോക്കൂവെന്നും താരം പറഞ്ഞു. ഫിഫ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് റണ്ണേഴ്‌സ് അപ്പായ 2010ലും മൂന്നാംസ്ഥാനക്കാരായ 2014നും വാന്‍ പേഴ്‌സി ടീമിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍