കോഹ്‌ലി മാത്രം മതിയാകില്ല: സച്ചിന്‍

മുംബൈ: വിരാട് കോഹ്‌ലി മാത്രം അധ്വാനിച്ചാല്‍ ലോകകപ്പ് കിരീടം ഇന്ത്യയിലെത്തില്ലെന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. കോഹ്‌ലിക്ക് ശക്തമായ പിന്തുണ ടീമില്‍നിന്നുണ്ടാകണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യക്ക് ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ പറഞ്ഞു. ഇതുവരെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരായിരിക്കുമെന്നതു തീരുമാനമാകാത്തതില്‍ സച്ചിന്‍ ആശങ്ക പ്രകടിപ്പിച്ചു. ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ കോഹ്‌ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടുക അസാധ്യമാണ്. ഓരോ തവണയും ആരെങ്കിലും ഫോം കണ്ടെത്തുകയാണ് പതിവ്. അവര്‍ക്ക് ടീമില്‍നിന്ന് പിന്തുണ ലഭിക്കുകകൂടി ചെയ്താല്‍ കാര്യങ്ങള്‍ ശുഭമാകും. എതൊരു പ്രതിസന്ധിഘട്ടത്തിലും ടീം ഒന്നിച്ചുനിന്നാല്‍ ജയം സാധ്യമാകുമെന്നും സച്ചിന്‍ പറഞ്ഞു. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള കളിക്കാര്‍ നമുക്കുണ്ട്. നാലാം നമ്പര്‍ എന്നത് ഒരു നമ്പര്‍ മാത്രമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ അതൊരു പ്രശ്‌നമേയല്ല. നാല്, ആറ്, എട്ട് സ്ഥാനങ്ങളിലെല്ലാം ബാറ്റ് ചെയ്ത കളിക്കാര്‍ ടീമിലുള്ളത് ഗുണകരമാണ്. ടീമില്‍ എന്താണെന്ന് ഓരോരുത്തര്‍ക്കും മനസിലാകേണ്ടത് ആവശ്യകതയാണ് സച്ചിന്‍ പറഞ്ഞു. ബൗളര്‍മാരുടെ സ്വാധീനം ഏകദിനത്തില്‍ കുറയുന്നതില്‍ സച്ചിന്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. 350 എന്നത് ഇപ്പോള്‍ സാധാരണ സ്‌കോര്‍ മാത്രമായിരിക്കുന്നു. 45 ഓവറില്‍ 350 എന്ന സ്‌കോര്‍ മറികടക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഫ്‌ളാറ്റ് പിച്ചുകള്‍ ബൗളര്‍മാരെ വിഷമവൃത്തത്തിലാക്കുകയാണ് ചെയ്യുന്നതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഏകദിനത്തില്‍ റിവേഴ്‌സ് സ്വിംഗ് കണ്ട കാലം മറന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍