സ്മൃതി ഇറാനി പുറത്തുവിട്ടത് വ്യാജ വീഡിയോ: അമേതിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെന്ന ആരോപണം കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: അമേതിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചുവെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇതിന് തെളിവായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്നും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ വെങ്കടേശ്വര്‍ അറിയിച്ചു. പരാതി ലഭിച്ചപ്പോള്‍ തന്നെ അമേതിയിലെ വിവിധ പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരോടും ഉദ്യോഗസ്ഥരോടും കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ചു. എന്നാല്‍, ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വെങ്കടേശ്വര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. താമരയില്‍ വോട്ട് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍, പ്രിസൈഡിംഗ് ഓഫീസര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും ഒരു വൃദ്ധ പറയുന്ന വീഡിയോ ഉള്‍പ്പെടെ വോട്ടര്‍മാര്‍ പരാതി പറയുന്ന വീഡിയോയുമാണ് ബി.ജെ.പി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വിഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍