ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഫഹദും പാര്‍വതിയും

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് പൂര്‍ത്തിയായ ശേഷം ഫഹദ് അഭിനയിക്കുന്നത് മഹേഷ് നാരായണന്റെ ചിത്രത്തിലായിരിക്കും. മഹേഷ് നാരായണന്‍ തന്നെയാണ് രചയിതാവ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മാണം.ടേക്ക് ഓഫ് നിര്‍മ്മിച്ചതും ആന്റോ ജോസഫായിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. മസൂറി, ഡല്‍ഹി എന്നിവിടങ്ങളിലായാണ് വര്‍ത്തമാനത്തിന്റെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ട്രാന്‍സിന്റെ രണ്ടാഴ്ചത്തെ ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. ആംസ്റ്റര്‍ഡാമിലും ട്രാന്‍സിന്റെ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. നസ്രിയയാണ് ട്രാന്‍സില്‍ ഫഹദിന്റെ നായികയാകുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയാണ് ട്രാന്‍സിനുള്ളത്. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍